നവകേരള സദസ്സിൽ പങ്കെടുക്കരുതെന്ന തീരുമാനം ലംഘിച്ചാൽ നടപടി -വി.ഡി. സതീശൻ
text_fieldsകൊച്ചി: നവകേരള സദസ്സിൽ പങ്കെടുക്കരുതെന്നത് യു.ഡി.എഫിന്‍റെ രാഷ്ട്രീയ തീരുമാനമാണെന്നും അത് ലംഘിച്ചാൽ നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവകേരള സദസ്സിൽ പ്രധാനപ്പെട്ട യു.ഡി.എഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ല. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവർ പോയിക്കാണും. ലോക്കൽ നേതാക്കളാണ് ഇതുവരെ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ് നടക്കുന്ന ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി കരുതൽ തടങ്കലിലെടുക്കുകയാണ്. സി.പി.എം പ്രവർത്തകരും പൊലീസും നിയമം കൈയ്യിലെടുത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജോയൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കഴുത്ത് ഞ്ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. അമേരിക്കയിൽ കറുത്തവർഗക്കാരനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്നിരുന്നു. അമേരിക്കയിൽനിന്നും കോഴിക്കോട്ടേക്ക് വലിയ ദൂരമില്ലെന്ന് കാണിക്കുന്നതാണിതെന്നും അദ്ദേഹം വിമർശിച്ചു.
ശബരിമലക്ക് പോകുന്ന അയ്യപ്പൻമാർ സൂക്ഷിക്കണം, കറുപ്പ് കണ്ടാൽ കരുതൽ തടങ്കലിലാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിനാപ്പം പോകുന്നവർ മാരകായുധങ്ങളുമായാണ് സഞ്ചരിക്കുന്നത്. മുഖ്യമന്ത്രി രാജാവല്ല. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ചിലർ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.