സംസ്ഥാനത്ത് ആക്ടിവ് കേസുകൾ കുതിക്കുന്നു; വാക്സിൻ വാങ്ങാൻ നാളെ ചർച്ച
text_fieldsതിരുവനന്തപുരം: നിലവിലെ വ്യാപനസ്ഥിതി തുടർന്നാൽ ചുരുങ്ങിയ ദിവസംകൊണ്ട് സംസ്ഥാനത്ത് ചികിത്സയിലുള്ള ആകെ രോഗികൾ (ആക്ടിവ് കേസുകൾ) മൂന്നുലക്ഷം കവിഞ്ഞേക്കും. ഒരാഴ്ച കൊണ്ടാണ് കേരളത്തിൽ ഒന്നര ലക്ഷത്തോളം േപർ രോഗബാധിതരായത്. രണ്ടാംതരംഗം ശക്തമായതോടെ ആരോഗ്യസംവിധാനങ്ങളടക്കം സമ്മർദത്തിലാണ്. ഇനിയും രോഗികളുയർന്നാൽ സ്ഥിതി കൂടുതൽ വഷളാകും.
ഇൗ സാഹചര്യം മുന്നിൽകണ്ടാണ് സ്വകാര്യ ആശുപത്രികളോട് 25 ശതമാനം കിടക്ക നീക്കിവെക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. തീവ്രവ്യാപനം കണക്കിലെടുത്ത് സാധ്യമാകും വേഗത്തിൽ വാക്സിൻ വാങ്ങുന്ന നടപടികളിലേക്കും സംസ്ഥാനം കടക്കുകയാണ്. ഉദ്യോഗസ്ഥതല ചര്‍ച്ച തിങ്കളാഴ്ച നടക്കും.
പ്രതിരോധകവചമൊരുക്കാന് ഉൽപാദകരില്നിന്ന് നേരിട്ട് വാക്സിന് വാങ്ങാനാണ് നീക്കം. ചീഫ് സെക്രട്ടറി വി.പി. ജോയി, ധനവകുപ്പ് സെക്രട്ടറി ആർ.കെ. സിങ്, ആരോഗ്യ സെക്രട്ടറി രാജന് ഖൊബ്രഗഡെ എന്നിവരാണ് സമിതിയിലുള്ളത്. വാങ്ങൽനയം രൂപവത്കരിച്ചശേഷം വരുന്ന ആഴ്ച തന്നെ ഓര്‍ഡര്‍ നൽകുമെന്നാണ് അറിയുന്നത്.
കേരളത്തില്‍ കൂടുതല്‍ ഉപയോഗിച്ചത് കോവിഷീല്‍ഡ് വാക്സിനാണ്. മേയ് ഒന്നു മുതല്‍ 18 നുമുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് നൽകണം. ഇൗ വിഭാഗത്തിൽ 1.56 കോടി പേരാണുള്ളത്. ഇതിനകം വാക്സിൻ എടുത്തവർക്ക് കേന്ദ്രം സൗജന്യമായിത്തന്നെ നൽകുമെന്നാണ് പ്രതീക്ഷ.
സർവകക്ഷി യോഗം നാളെ
കോവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യാൻ തിങ്കളാഴ്ച സർവകക്ഷി യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ രാവിലെ 11.30നാണ് യോഗം. കോവിഡ് വ്യാപനം നേരിടാൻ എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് ഇനി കൈക്കൊള്ളേണ്ട നടപടികൾ, വാക്സിൻ വാങ്ങൽ അടക്കം ചർച്ച ചെയ്യും. ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതു തുടരണോ എന്നും യോഗം ചർച്ച ചെയ്യും. പൂർണ ലോക്ഡൗണിനോട് സർക്കാറിനും പ്രതിപക്ഷത്തിനും യോജിപ്പില്ല. രോഗ വ്യാപനം കൂടുന്ന മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുവരികയാണ്. കോവിഡ് വ്യാപനം തടയാൻ സർക്കാർ കൈക്കൊള്ളുന്ന കൂടുതൽ നടപടികൾക്ക് പ്രതിപക്ഷ പിന്തുണ തേടും. പ്രതിപക്ഷവും നിർദേശങ്ങൾ മുന്നോട്ടു െവക്കും.
വോെട്ടണ്ണൽ ദിനത്തിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും യോഗം ചർച്ച ചെയ്യും. ഹൈകോടതിയിൽ ഇൗ ദിവസം ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ട് ഹരജികൾ വന്നിട്ടുണ്ട്. സമ്പൂർണ ലോക്ഡൗണിനോട് പാർട്ടികൾക്ക് പൊതുവേ യോജിപ്പില്ല. എന്നാൽ കർശന നിയന്ത്രണത്തോട് എല്ലാവരും യോജിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.