വ്യവസായവകുപ്പിൽ ഇനി ഓൺലൈൻ നിരീക്ഷണം
text_fieldsതിരുവനന്തപുരം: വ്യവസായവകുപ്പിന് കീഴിലെ മുഴുവന്‍ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും കേന്ദ്രീകൃത ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം നിലവില്‍വന്നു.
വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങള്‍, പ്രധാന പദ്ധതികൾ, നടത്തിപ്പ് പുരോഗതി എന്നിവ തത്സമയം നിരീക്ഷിക്കാനും യഥാസമയം സ്വീകരിക്കേണ്ട വിവിധ തീരുമാനങ്ങളും നടപടികളും സുഗമമാക്കാനുമാണ് മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തുന്നത്. റെസിഡൻസി ടവറിൽ മന്ത്രി പി. രാജീവ് പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. വകുപ്പിന് കീഴിലുള്ള ഓരോ സ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികൾക്കും പ്രവൃത്തികള്‍ക്കും കൃത്യമായ സമയക്രമം നിശ്ചയിക്കും. ഇത് ഒരു കേന്ദ്രീകൃത വെർച്വൽ കലണ്ടര്‍ മുഖേന ബന്ധിപ്പിക്കുകയും എല്ലാ പ്രവൃത്തികളും സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യും.
ഓരോ പദ്ധതിയെയും സംബന്ധിച്ച കൃത്യമായ സാമ്പത്തിക പുരോഗതിയും ഭൗതിക പുരോഗതിയും നേട്ടങ്ങളും തല്‍സമയം നിരീക്ഷിച്ചറിയുന്നതിന് സംവിധാനമുണ്ട്. നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിനെ സംബന്ധിച്ച എന്തെങ്കിലും ബുദ്ധിമുട്ടുകളോ പരാതികളോ ഉണ്ടെങ്കില്‍ അത് ഈ സംവിധാനത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യാം.
ഓരോ നിയോജക മണ്ഡലത്തിലും വ്യവസായവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളും പ്രത്യേകമായി മനസ്സിലാക്കാനാകും.
നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി നടത്തിപ്പ് പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡില്‍ നിന്നുതന്നെ ശേഖരിക്കാനും ജിയോ ലൊക്കേഷന്‍, നിർമാണ പുരോഗതിയുടെയും ഫോട്ടോയും വിഡിയോയും ഉള്‍പ്പെടെ യഥാസമയം പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യുന്നതിനുമായി മൊബൈല്‍ ആപ്പും ഒരുക്കിയിട്ടുണ്ട്. കേരള ഡിജിറ്റല്‍ സർവകലാശാലയാണ് വ്യവസായവകുപ്പിന് വേണ്ടി ഈ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.
എം.ജി. രാജമാണിക്യം, എസ്. ഹരികിഷോര്‍ ഐ.എ.എസ്, വി.ആര്. വിനോദ്, ഡോ. സജി ഗോപിനാഥ്, കെ. പത്മകുമാര്‍, എസ്. സൂരജ്, സന്തോഷ് കോശി തോമസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.