മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവം കാറിൽ ഇടിച്ചുതെറിപ്പിച്ചു -നടൻ കൃഷ്ണകുമാർ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അകമ്പടി വാഹനം തന്‍റെ കാറിൽ മനഃപൂർവം ഇടിച്ചുതെറിപ്പിച്ചെന്ന് പരാതിയുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. പുതുപ്പള്ളിയിലേക്ക് തെരഞ്ഞടുപ്പ് പ്രചരണത്തിന് പോകുമ്പോഴായിരുന്നു സംഭവമെന്നും കാറിനകത്തുള്ള ബി.ജെ.പിയുടെ കൊടി കണ്ടിട്ട് ഇവർക്ക് അസഹിഷ്ണുതയാണെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി.
പുതുപ്പള്ളിയിലേക്ക് തെരഞ്ഞടുപ്പ് പ്രചരണത്തിന് പോകുമ്പോൾ പന്തളം എത്തുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വരുന്നുണ്ടായിരുന്നു. പൊലീസ് വാഹനം വരുമ്പോൾ സ്ഥലം ഉണ്ടെങ്കിലേ മാറ്റിക്കൊടുക്കാൻ പറ്റൂ, വണ്ടി തൂക്കി മാറ്റാൻ പറ്റില്ല. കുറച്ച് മുന്നോട്ട് പോയി ഒതുക്കി കൊടുക്കാം എന്ന് കരുതുമ്പോഴേക്ക് വണ്ടി വന്ന് ഇടിച്ച് തെറിപ്പിക്കുകയാണ്. കാരണം, കാറിനകത്തുള്ള ബി.ജെ.പിയുടെ കൊടി കണ്ടിട്ട് ഇവർക്ക് അസഹിഷ്ണുതയാണ് -കൃഷ്ണകുമാർ വിമർശിച്ചു.
അവർ ചീത്ത വിളിക്കുമ്പോൾ തിരിച്ച് വിളിക്കാൻ അറിയാഞ്ഞിട്ടല്ല. പേടിയുമില്ല. യൂനിഫോമിലുള്ളവരോട് അപമര്യാദയായി പെരുമാറരുതെന്ന് സർവീസിലുണ്ടായിരുന്ന അച്ഛൻ പറഞ്ഞിട്ടുണ്ട്. മൊത്തം പൊലീസ് ഫോഴ്സിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന ഇത്തരം കാക്കിക്കുള്ളിലെ കാപാലികന്മാരുണ്ട്, ഗുണ്ടകളാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി എതിർക്കാം. പക്ഷേ ഇത്തരം ഗുണ്ടാ പ്രവൃത്തികളും അപായപ്പെടുത്താൻ ശ്രമിക്കുന്ന പരിപാടികളും ഒരിക്കലും നിലനിൽക്കില്ല. ഇത് ഈ പാർട്ടിയുടെ തന്നെ അന്ത്യം കുറിക്കാൻ പോകുന്ന നടപടികളുടെ തുടക്കമാണ് -കൃഷ്ണകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.