വിപ്ലവ ഗവൺമെന്റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇദ്ദേഹത്തിന് കൊടുക്കാൻ ഞാൻ ശക്തിയായി ശിപാർശ ചെയ്യുന്നു -ജോയ് മാത്യു
text_fieldsമുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു വനിതാ നേതാവിനോട് പുരുഷ പൊലീസ് മോശമായി പെരുമാറിയ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സംഭവത്തില്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡി.ജി.പിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ജോയ് മാത്യു സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്.
നടുറോട്ടിൽ അപകടത്തിൽ പെട്ടുപോയേക്കാവുന്ന പെൺകുട്ടിയെ സ്നേഹപൂർവം തോളിൽപ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പൊലീസുകാരൻ. വിപ്ലവ ഗവൺമെന്റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇദ്ദേഹത്തിന് കൊടുക്കാൻ ഞാൻ ശക്തിയായി ശിപാർശ ചെയ്യുന്നു എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.
ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂർണരൂപം
നടുറോട്ടിൽ അപകടത്തിൽ പെട്ടുപോയേക്കാവുന്ന പെൺകുട്ടിയെ സ്നേഹപൂർവ്വം തോളിൽപ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പോലീസുകാരൻ.
വിപ്ലവ ഗവർമെന്റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇദ്ദേഹത്തിന് കൊടുക്കാൻ ഞാൻ ശക്തിയായി ശുപാർശ ചെയ്യുന്നു ,വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളമശേരിയിൽ നടത്തിയ പ്രതിഷേധത്തിനിടയിലാണ് കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസുകാർ കയറിപ്പിടിച്ചെന്നും മോശമായി പെരുമാറിയതെന്നും പരാതി ഉയർന്നത്. ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കുള്ള റോഡില്‍ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായെത്തിയത്. പ്രവര്‍ത്തകരായ ആണ്‍കുട്ടികളെ പൊലീസുകാര്‍ പിടിച്ചുമാറ്റിയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ മിവ ജോളിയെ അറസ്റ്റ് ചെയ്ത് നീക്കാന്‍ വൈകി. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്.ഐ കോളറില്‍ കുത്തിപ്പിടിച്ച് വലിച്ചു. പിന്നീട് വനിത പൊലീസെത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു.
കെ.എസ്.യു വനിതാ നേതാവിനെ അപമാനിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്. സമരം ചെയ്യുന്നവരെല്ലാം മാവോയിസ്റ്റുകളും അര്‍ബന്‍ നക്‌സലുകളുമാണെന്ന് പറയുന്ന ആളാണ് മുഖ്യമന്ത്രി. കളമശേരിയില്‍ കെ.എസ്.യു നേതാവായ പെണ്‍കുട്ടിയുടെ തോളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
അതിനെതിരെ നടപടി എടുത്തേ മതിയാകൂ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. റോഡില്‍ ഇറങ്ങി സമരം ചെയ്യുന്ന ഞങ്ങളുടെ പെണ്‍കുട്ടികളെ പുരുഷ പൊലീസ് ആക്രമിക്കുമെന്ന സ്ഥിതി ഉണ്ടായാല്‍ അതിനെ കൈയുംകെട്ടി നോക്കി ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.