നടിക്ക് പൂർണ പിന്തുണയെന്ന് സർക്കാർ ഹൈകോടതിയിൽ: 'അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ടുപോകുന്നത്'
text_fieldsകൊച്ചി: ആക്രമണത്തിന് ഇരയായ നടിക്ക് പൂർണ പിന്തുണയുണ്ടെന്നും തുടരന്വേഷണം അട്ടിമറിക്കുന്നെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സർക്കാർ ഹൈകോടതിയിൽ. യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് അവർ നൽകിയ ഹരജിയിലാണ് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഇക്കാര്യം വ്യക്തമാക്കിയത്.
ഹരജിയിലെ ആരോപണങ്ങളെക്കുറിച്ച് സർക്കാർ വിശദീകരണപത്രിക നൽകാൻ നിർദേശിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ, ഹരജി മേയ് 27ന് പരിഗണിക്കാൻ മാറ്റി. കേസിന്റെ എല്ലാ ഘട്ടത്തിലും അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ അതിജീവതയുടെ താൽപര്യം ചോദിച്ചിരുന്നെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി.പി) വിശദീകരിച്ചു.
പ്രോസിക്യൂട്ടർ നിയമനത്തിന് നടി രണ്ടു ദിവസം മുമ്പ് അഭിഭാഷകന്റെ പേര് നിർദേശിച്ചത് സർക്കാറിന് ശിപാർശ ചെയ്തിരുന്നു. കേസ് അട്ടിമറിക്കുന്നെന്ന നടിയുടെ ഭീതി അനാവശ്യമാണ്. കേസിൽ രാഷ്ട്രീയം കലർത്തരുതെന്നും ഹരജി പിൻവലിക്കണമെന്നാണ് അഭ്യർഥനയെന്നും ഡി.ജി.പി പറഞ്ഞു.
എന്നാൽ, ഇത്തരത്തിൽ ആവശ്യപ്പെടാൻ സർക്കാറിന് കഴിയില്ലെന്നും ആരോപണങ്ങളിൽ മറുപടി വേണമെന്നും ഹൈകോടതി വാക്കാൽ പറഞ്ഞു.
തുടരന്വേഷണം നടക്കുന്നില്ലെന്ന് നടിയുടെ അഭിഭാഷക ആരോപിച്ചു. മേയ് 30നകം തുടരന്വേഷണം പൂർത്തിയാക്കാനാണ് ഹൈകോടതി നിർദേശിച്ചതെന്നും കൂടുതൽ സമയം വേണ്ടിവരുമെന്നും ഡി.ജി.പി പറഞ്ഞു. മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചതെന്നും സമയം നീട്ടിനൽകുന്ന കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും സിംഗിൾ ബെഞ്ച് മറുപടി നൽകി. വിചാരണ നീളുമെന്നതിനാൽ പ്രതികളെക്കൂടി ഹരജിയിൽ കക്ഷിചേർക്കണമെന്നും പറഞ്ഞു.
ഹരജിയിൽ വിചാരണക്കോടതിയിൽനിന്ന് റിപ്പോർട്ട് തേടണമെന്ന് ഡി.ജി.പി തുടർന്ന് ആവശ്യപ്പെട്ടു. മെമ്മറി കാർഡിലെ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോയെന്നറിയാൻ ഫോറൻസിക് പരിശോധന ആവശ്യപ്പെട്ട് ഏപ്രിലിൽ അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.