ബാലുശ്ശേരിയിൽ ധർമജൻ തന്നെ
text_fieldsകോഴിക്കോട്: ജില്ലയിലെ ഏക പട്ടികജാതി സംവരണ സീറ്റായ ബാലുശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി സീറ്റുറപ്പിച്ച് നടൻ ധർമജൻ ബോൾഗാട്ടി.
മുസ്ലിംലീഗിൽനിന്ന് ഏറ്റെടുക്കുന്ന സീറ്റിൽ ധർമജനെ പോരിനിറക്കി ഇടതുകോട്ട തകർക്കുകയാണ് കോൺഗ്രസിെൻറ ലക്ഷ്യം. ഒരുമാസത്തിലേറെയായി ബാലുശ്ശേരി മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലും സജീവ സാന്നിധ്യമാണ് ധർമജൻ. കോൺഗ്രസിെൻറയും മുസ്ലിംലീഗിെൻറ പല ചടങ്ങുകളിലും ഈ സിനിമ നടനുണ്ടായിരുന്നു.
കല്യാണങ്ങളിലടക്കം കുടുംബസമേതം പങ്കെടുക്കുകയും ചെയ്തു. തിങ്കളാഴ്ച കാവുന്തറയിൽ കോൺഗ്രസിെൻറയും ചൊവ്വാഴ്ച ബാലുശ്ശേരിയിൽ യൂത്ത് ലീഗിെൻറയും പരിപാടികളിൽ ധർമജൻ പെങ്കടുക്കുന്നുണ്ട്.
ജില്ലയിെല കോൺഗ്രസ് യുവനേതാക്കളുമായുള്ള സൗഹൃദമാണ് പണ്ടേ പാർട്ടിക്കാരനായ ധർമജനെ ബാലുശ്ശേരിയിലേക്ക് അടുപ്പിച്ചത്. പിണറായി വിജയനെതിരെ അടക്കം രൂക്ഷമായി പ്രതികരിച്ച് യു.ഡി.എഫ് അണികളെ നടൻ കൈയിലെടുക്കുകയും ചെയ്തു.
എന്നാൽ, സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ദലിത് കോൺഗ്രസ് മുന്നോട്ടുവന്നിരുന്നു. ധർമജൻ ധർമടത്ത് പോയി പോരാടട്ടെ എന്നായിരുന്നു പ്രാസമൊപ്പിച്ച് ദലിത് കോൺഗ്രസ് പ്രതിഷേധിച്ചത്. എന്നാൽ, പ്രതിഷേധങ്ങളെ തണുപ്പിക്കാൻ കെ.പി.സി.സിയുടെ പ്രധാന നേതാവ് രംഗത്തിറങ്ങി. ജില്ലയിൽനിന്നുള്ള മറ്റൊരു നേതാവിന് ധർമജെൻറ വരവിനോട് ഇപ്പോഴും എതിർപ്പുണ്ട്.
ഹാസ്യതാരങ്ങളെയിറക്കി കോമാളിക്കളിയാണ് യു.ഡി.എഫ് നടത്തുന്നതെന്ന പ്രതിരോധം എൽ.ഡി.എഫ് ഉയർത്തിയിട്ടുണ്ട്. എന്നാൽ, ഇന്നസെൻറ്, മുകേഷ് തുടങ്ങിയ താരങ്ങളെ ജനപ്രതിനിധികളാക്കിയ എൽ.ഡി.എഫിെൻറ ചരിത്രമാണ് യു.ഡി.എഫിന് തിരിച്ചുപറയാനുള്ളത്.
കഴിഞ്ഞ രണ്ടു തവണയായി ബാലുശ്ശേരിയിലെ എം.എൽ.എയായ പുരുഷൻ കടലുണ്ടി അറിയപ്പെടുന്ന നാടകപ്രവർത്തകനും കലാകാരനുമാണെന്നും കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞതവണ 15,464 വോട്ടിനാണ് ലീഗ് സ്വതന്ത്രനായ യു.സി രാമനെ പുരുഷൻ കടലുണ്ടി തോൽപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി എം.കെ. രാഘവൻ 9745 വോട്ടിന് മുന്നിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 3801 വോട്ടാണ് എൽ.ഡി.എഫിെൻറ മുൻതൂക്കം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സചിൻ ദേവ് ആകും ധർമജെൻറ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.