നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയെ സമീപിച്ച് ദിലീപ്
text_fieldsന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അതിജീവിതയും ചേർന്ന് വിചാരണക്കോടതി ജഡ്ജി വിചാരണ പൂർത്തിയാക്കി വിധി പറയുന്നത് തടസ്സപ്പെടുത്തുകയാണെന്ന് ദിലീപ് ഹരജിയിൽ ആരോപിച്ചു. തന്‍റെ മുൻ ഭാര്യയുടെയും അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഡി.ജി.പി റാങ്കിലുള്ള ഉന്നത പൊലീസ് ഓഫിസർ തന്നെ കേസിൽപെടുത്തിയതിന് ഉത്തരവാദിയാണെന്നും ദിലീപിന്‍റെ ഹരജിയിലുണ്ട്.
വിചാരണക്കോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ദിലീപ് അപേക്ഷയിൽ ആരോപിച്ചു. അതിനാൽ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുത്. തന്നോട് വ്യക്തിപരവും തൊഴിൽപരവുമായ ശത്രുതയുള്ള മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽപെടുത്തിയത്. തുടരന്വേഷണത്തിന്‍റെ പേരിൽ തനിക്കെതിരെ മാത്രമല്ല, തന്‍റെ അഭിഭാഷകർ, വിചാരണക്കോടതി ജഡ്ജി എന്നിവർക്കെതിരെ മാധ്യമ വിചാരണ നടക്കുകയാണ്. വിചാരണക്കോടതി ജഡ്ജിക്കെതിരെയും തന്‍റെ അഭിഭാഷകർക്കെതിരെയും അതിജീവിത ഹരജികൾ സമർപ്പിച്ചു. അതിജീവിതക്കുവേണ്ടി ചാനൽ ചർച്ചകളിൽ വരാറുള്ള അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തക്ക് അതിജീവിത നൽകിയ അഭിമുഖത്തെയും ദിലീപ് ചോദ്യം ചെയ്തു. ഇതുവരെ നടിയെ ആക്രമിച്ച കേസ് സുപ്രീംകോടതിയിൽ പരിഗണിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ വെള്ളിയാഴ്ച വിരമിച്ചതിനാൽ പുതിയ ബെഞ്ചാകും കേസ് ഇനി പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.