Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിനെതിരായ...

ദിലീപിനെതിരായ ഗൂഢാലോചനക്ക് പിന്നിൽ കാക്കനാട് ജയിൽ സൂപ്രണ്ട് -പി.സി ജോർജ് 

text_fields
bookmark_border
ദിലീപിനെതിരായ ഗൂഢാലോചനക്ക് പിന്നിൽ കാക്കനാട് ജയിൽ സൂപ്രണ്ട് -പി.സി ജോർജ് 
cancel

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരിൽ കാക്കനാട് ജയിൽ സൂപ്രണ്ടും ഉണ്ടെന്ന് പി.സി.ജോർജ് എം.എൽ.എ. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ജോർജ് ഇക്കാര്യം ആരോപിക്കുന്നത്. ജോർജിന്‍റെ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പിക്ക് കൈമാറി. 

അന്വേഷണം പുരോഗമിക്കുന്ന കേസിൽ വീണ്ടും പണം ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി അയച്ച കത്ത് ജയിൽ സൂപ്രണ്ട് വായിച്ച ശേഷമാണോ മുദ്ര പതിപ്പിച്ചതെന്ന് പി.സി ജോർജ് കത്തിൽ ചോദിക്കുന്നു. ദുരൂഹത നിലനിൽക്കുന്ന സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്ത ശേഷം അന്വേഷണം നടത്തണമെന്ന് ജോർജ് ആവശ്യപ്പെട്ടു.

കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് പി.സി ജോർജ് രംഗത്ത് വന്നിരിന്നു. 

കത്തിന്‍റെ പൂർണരൂപം:

എറണാകുളത്ത് സിനിമാനടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനി എന്ന മുഖ്യപ്രതി ജയിലിൽ നിന്നും അയച്ച കത്ത് വാർത്താ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും വലിയ ചർച്ച ആയിരിക്കുകയാണ്. ജയിൽ വകുപ്പിന്‍റെ മുദ്ര പതിഞ്ഞ ഈ കത്തിന്‍റെ കോപ്പി നവമാധ്യമങ്ങളിൽ കൂടി വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഈ കത്തിന്‍റെ അസൽ പകർപ്പിന്‍റെ കോപ്പിയാണെങ്കിൽ ഒട്ടേറെ സംശയങ്ങൾ അതുയർത്തുന്നുണ്ട്. അതിൽ സംസ്ഥാന സർക്കാറിന്‍റെ ശ്രദ്ധ പതിയേണ്ട പ്രധാനപ്പെട്ട വസ്തുത പൾസർ സുനി ജയിലിൽ നിന്നയച്ച കത്തിലെ ജയിൽ വകുപ്പിന്‍റെ മുദ്രയാണ്.

ജയിലിൽ കഴിയുന്ന ഒരു പ്രതി പുറത്തേക്ക് കത്ത് അയക്കണമെങ്കിൽ അതെഴുതുവാനുള്ള കടലാസ് ജയിൽ സൂപ്രണ്ടാണ് അനുവദിച്ചു നൽകേണ്ടത്. പ്രതി പ്രസ്തുത കടലാസിലെഴുതുന്ന കത്തുകളും കുറിപ്പുകളും ജയിൽ സൂപ്രണ്ട് വായിച്ചു നോക്കുവാൻ ബാധ്യസ്തനാണ്. നിയമപരമായ അപാകതകളൊന്നും ആ കത്തിലോ കുറിപ്പിലോ കണ്ടെത്താൻ ജയിൽ സൂപ്രണ്ടിന് പരിശോധനയിലൂടെ കഴിഞ്ഞില്ലെങ്കിൽ മാത്രമേ അത് പ്രതിയുടെ പേരിൽ ജയിലിനു പുറത്ത് കൈമാറുവാൻ ജയിൽ ചട്ടങ്ങളനുസരിച്ച് കഴിയുകയുള്ളൂ.

ഈ ചട്ടം നിലനിൽക്കെയാണ് ഒരു സിനിമ നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനി എന്ന മുഖ്യപ്രതി അതേ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ പ്രശസ്തനായ ഒരു നടന് കത്തെഴുതി ജയിലിനു പുറത്തേക്ക് കൈമാറിയത്. ഈ കത്തിൽ ജയിൽ വകുപ്പിന്‍റെ മുദ്ര പതിഞ്ഞത് അതീവഗുരുതരമായ നിയമലംഘനമാണ്. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന കേസിൽ അതേ വിഷയത്തിന് വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ട് പൾസർ സുനി എന്ന പ്രതി എഴുതിയ കത്താണ്. അത് വായിച്ചു നോക്കി വിശദമായി പരിശോധിച്ചിട്ടാണോ ജയിൽ സൂപ്രണ്ട് ജയിൽ വകുപ്പിന്‍റെ മുദ്രപതിപ്പിച്ച് എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.

പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെയും നിലവിലെ കേസിന്റെ ഗൗരവത്തെയും കുറിച്ചറിയാവുന്നയാളാണ് ജയിൽ സൂപ്രണ്ട്. കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ പ്രതി പണം ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്തിൽ ജയിൽ വകുപ്പിന്റെ മുദ്ര പതിപ്പിച്ചുണ്ടെങ്കിൽ അത് യാദൃശ്ചികമാകാൻ ഇടയില്ല. വലിയ ഗൂഢാലോചന തന്നെ ഇതിന്റെ പിന്നിൽ നടന്നിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പൾസർ സുനിയുടെ കത്ത് പുറത്തുവന്ന സമയം, അത് ദൃശ്യമാധ്യമങ്ങളിലെ രാത്രികാല ചർച്ച നയിക്കുന്ന ഏതാനും മാധ്യമപ്രവർത്തകരുടെ കയ്യിലെത്തിയ രീതി, ഇതൊക്കെ വലിയ സംശയങ്ങളാണ് പൊതുവിൽ ഉയർത്തിയിരിക്കുന്നത്. മലയാള സിനിമയിലെ ഒരു നടനെ മനഃപൂർവം നശിപ്പിക്കാനുള്ള ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഗൂഢാലോചനയുടെ മുഖ്യപ്രതിസ്ഥാനത്തേക്കാണ് നിയമവിരുദ്ധമായി തടവുപുള്ളിയുടെ കത്ത് പുറത്തേക്ക് കൈമാറാൻ കൂട്ടുനിന്ന ജയിൽ സൂപ്രണ്ടും എത്തുന്നത്.

ഇയാളെ അടിയന്തരമായി സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും അറസ്റ്റ് ചെയ്ത് കേസെടുക്കുവാനും സർക്കാർ തയ്യാറാകണം. ഇതിന് ഗവൺമെന്‍റ് തയ്യാറാകുന്നില്ലെങ്കിൽ സർക്കാറിന്‍റെ അനുവാദത്തോട് കൂടി നടന്ന ഒരാസൂത്രിത ഗൂഢാലോചനയാണെന്ന ആക്ഷേപം പൊതുസമൂഹത്തിൽ ഉയർന്നുവരും. ഈ കേസിന്‍റെ പ്രാരംഭഘട്ടത്തിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ കേസിൽ ഗൂഢാലോചനയൊന്നും ഇല്ലെന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ വാദത്തെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബോധപൂർവം ശ്രമങ്ങളുണ്ടായോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. ആയതിനാൽ ടി കേസിൽ അിടയന്തര ഉന്നതതല അന്വേഷണവും നടപടികളും ഉണ്ടാകണമെന്ന് സംസ്ഥാന നിയമനിർമാണസഭയിലെ അംഗമെന്ന ചുമതലാബോധത്തോടെ ഞാൻ അഭ്യർഥിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgepinarayikerala cmmalayalam newsDileep CaseKerala News
News Summary - actor dileep arrest: pc george send a letter to kerala cm pinarayi -kerala news
Next Story