ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ ഉടൻ
text_fieldsകൊച്ചി/ അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ദിലീപിെൻറ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും. അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വിഡിയോ കോൺഫറൻസിങ് വഴി തുടർ നടപടി സ്വീകരിക്കും. പുതിയ അഭിഭാഷകൻ മുഖേന ഈ ആഴ്ചതന്നെ ദിലീപിെൻറ ജാമ്യാപേക്ഷ ഹൈകോടതിയിൽ സമർപ്പിക്കും. കുറച്ച് രേഖകൾകൂടി ശേഖരിക്കേണ്ടതുണ്ടെന്നും അത് ലഭിച്ചാൽ ഉടൻ ജാമ്യാപേക്ഷ നൽകുമെന്നും അഭിഭാഷകൻ ബി. രാമൻപിള്ള ‘മാധ്യമ’ത്തോടു പറഞ്ഞു.
ഈ സാഹചര്യത്തിൽ ദിലീപിനെ വീണ്ടും റിമാൻഡിൽ വിടും. കേസിൽ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. ചില പ്രമുഖർക്ക് കേസിലുള്ള ബന്ധം ഉറപ്പിക്കാനുള്ള തെളിവുകളുടെ ശേഖരണമാണ് അന്വേഷണ സംഘം ഇപ്പോൾ നടത്തുന്നത്. കുറ്റപത്രത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടും. ആദ്യ കുറ്റപത്രം അനുസരിച്ച് ദിലീപ് 11ാം പ്രതിയാണ്. അനുബന്ധ കുറ്റപത്രം സമർപ്പിക്കുമ്പോൾ രണ്ടാം പ്രതിയാകും. പൾസർ സുനിയാണ് ഒന്നാം പ്രതി. ദിലീപിെൻറ മാനേജർ അപ്പുണ്ണിയെയും സംവിധായകൻ നാദിർഷയെയും വീണ്ടും ചോദ്യം ചെയ്തേക്കും.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാദിർഷക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിെൻറ നിഗമനം. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. സഹോദരൻ സമദിനെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കഴിഞ്ഞ മാസം 25നാണ് ദിലീപിനെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിഡിയോ കോൺഫറൻസിങ് മുഖേനയായിരുന്നു കോടതി നടപടിക്രമങ്ങൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.