മാമുക്കോയ അഭിനയിക്കുകയാണെന്ന് തോന്നിയിട്ടേയില്ല, ഓരോ റോളും ചെയ്യുമ്പോൾ അതുപോലൊരു ആളുണ്ടെന്ന് കരുതിപ്പോകും -ജയറാം
text_fieldsകോഴിക്കോട്: ഒരുപാടു സിനിമകളിൽ തനിക്കൊപ്പം വേഷമിട്ട മാമുക്കോയ അഭിനയിക്കുകയാണെന്ന് ഇന്നേവരെ തനിക്ക് തോന്നിയിട്ടില്ലെന്ന് നടൻ ജയറാം. ഓരോ വേഷവും അതുപോലെ പകർന്നാടിയ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഓരോ റോളും അദ്ദേഹം ചെയ്യുമ്പോൾ അതുപോലൊരു ആളുണ്ടെന്ന് നമുക്ക് തോന്നിപ്പോകുമെന്നും ജയറാം പറഞ്ഞു.
35 വർഷത്തെ സൗഹൃദമാണ് ഞങ്ങൾ തമ്മിലുള്ളത്. ധ്വനി എന്ന സിനിമയുടെ ഷൂട്ടിങ്ങിന് പോകുമ്പോഴാണ് കോഴിക്കോടു വെച്ച് മാമുക്കയെ പരിചയപ്പെടുന്നത്. അതിനുശേഷം മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, ശങ്കരാടിച്ചേട്ടൻ എന്നിവർ ഇല്ലാത്ത എന്റെ സിനിമകൾ വളരെ ചുരുക്കമായിരുന്നു. ഇവരിൽ ആരെങ്കിലും ഒരാൾ എന്തായാലും ഉണ്ടാകുമായിരുന്നു.
എന്തൊരു നാച്വറലായ ആക്ടറായിരുന്നു അദ്ദേഹം. മാമുക്കോയ അഭിനയിക്കുകയാണെന്ന് ഇന്നേവരെ എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ ഏതു കാരക്ടറെടുത്താലും, ഉദാഹരണത്തിന് എന്റെ കൂടെ മഴവിൽകാവടിയിലെ പോക്കറ്റടിക്കാരനായി അദ്ദേഹം അഭിനയിക്കുമ്പോൾ പഴനിയിൽ അങ്ങനെയൊരു പോക്കറ്റടിക്കാരനുണ്ടെന്ന് നമുക്ക് തോന്നിപ്പോകും. സന്ദേശത്തിലെ രാഷ്ട്രീയക്കാരനെയും എനിക്ക് മറിച്ച് തോന്നാറില്ല. അങ്ങനെ തന്നെയേ ആ വേഷവും തോന്നൂ. എല്ലാ റോളുകളും അതുപോലെത്തന്നെ. എന്തൊരു നഷ്ടമാണ് മലയാള സിനിമക്ക്. വളരെ വേദനയുളവാക്കുന്ന വിയോഗമാണിത്.
മാമുക്കോയ ഉൾപെടെയുള്ള ഒരുപാട് മികച്ച മനുഷ്യരോടൊപ്പം ജീവിക്കാൻ കഴിഞ്ഞുവെന്നത് എന്റെ ജീവിതത്തിലെ സുകൃതമാണ്. കുറേ സിനിമകളിൽ അഭിനയിച്ചുവെന്നതല്ല, ഇതുപോലുള്ള കുറേ ആളുകൾക്കൊപ്പം സ്ക്രീൻ പങ്കുവെക്കാൻ കഴിഞ്ഞുവെന്നതാണ് പുണ്യം. ആ ഓർമകൾ മതിയെനിക്ക്. അത്തരം മികവുറ്റ അഭിനേതാക്കളോടൊപ്പം ഒരുപാട് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം ഞാൻ സത്യൻ അന്തിക്കാടുമായി പങ്കുവെക്കുകയായിരുന്നു. ഉത്സവം പോലെയായിരുന്നു ആ ഷൂട്ടിങ് കാലങ്ങൾ. ആ 40-45 ദിവസമൊക്കെ ഒരു കല്യാണ വീടിന്റെ ആളും ആരവവുമൊക്കെ പോലെയുള്ള അന്തരീക്ഷമായിരുന്നു. ഇത്രയും ദിവസം ഇവരുടെ കൂടെ ജീവിക്കുമ്പോഴുള്ള സന്തോഷവും അനുഭവവും മതിമറന്നു ചിരിക്കാനുള്ള മുഹൂർത്തങ്ങളും അത്രയേറെയായിരുന്നു. അതിലെ അവസാന പേരുകളിലൊന്നാണ് ഇപ്പോൾ വെട്ടിപ്പോയത്. ഇനിയില്ല ഇങ്ങനെയുള്ള ആളുകൾ -ജയറാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.