‘ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി’; ആരോപണം ഉന്നയിക്കുന്നവരെ പൊലീസുകാർക്ക് അറിയാമെന്ന് ജയസൂര്യ
text_fieldsതിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന പീഡനാരോപണം നിഷേധിക്കുന്നതായും താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും നടൻ ജയസൂര്യ. ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം അവരുമായി യാതൊരു ബന്ധവുമില്ലെന്നും ജയസൂര്യ വ്യക്തമാക്കി. തിരുവനന്തപുരം കന്റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷന് മുമ്പില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയസൂര്യ.
രണ്ട് വ്യാജ ആരോപണങ്ങളാണ് തനിക്കെതിരേ വന്നിരിക്കുന്നത്. താനാണ് എന്ന രീതിയില്‍ സൂചന കൊടുത്തു കൊണ്ട് ഒരു സ്ത്രീ പലയിടങ്ങളില്‍ സംസാരിച്ചു. പിന്നീട് താനല്ലെന്ന് അവര്‍ പലയിടത്തും മാറ്റിപ്പറഞ്ഞതായും കണ്ടു. 2013ല്‍ തൊടുപുഴയില്‍ നടന്ന ഷൂട്ടിങ്ങിനിടെയിലാണ് മോശം അനുഭവം ഉണ്ടായതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, 2013ല്‍ അങ്ങനെയൊരു ഷൂട്ടിങ് പോലും നടന്നിട്ടില്ല. 2011ല്‍ തന്നെ സിനിമ ഷൂട്ടിങ് അവസാനിച്ചിരുന്നു.
തൊടുപുഴയിലായിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു ഷൂട്ടിങ് നടന്നത്. അപ്പോള്‍ പിന്നെ എന്തിനാണ് ഇത്തരം ആരോപണങ്ങളുമായി വന്നിട്ടുള്ളതെന്ന് അറിയില്ല. 2008ല്‍ സെക്രട്ടറിയേറ്റില്‍ വെച്ച് ഒരു സംഭവം നടന്നുവെന്നും പറയുന്നുണ്ട്. സെക്രട്ടറിയേറ്റിന് പുറത്ത് ഗാനരംഗം ചിത്രീകരിക്കാന്‍ രണ്ട് മണിക്കൂര്‍ പെര്‍മിഷന്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അതിനിടയിലേക്ക് എങ്ങനെയാണ് അവര്‍ എത്തിയതെന്ന് തനിക്കറിയില്ലെന്നും ജയസൂര്യ വ്യക്തമാക്കി.
സാധാരണക്കാരനാണെങ്കിൽ എന്താണ് സംഭവിക്കുക. അയാളുടെ കുടുംബം തകരില്ലേ. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും മുന്നിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകരില്ലേ? ഇതൊരു അവസാന സംഭവമാകട്ടേ. മുൻകൂർ ജാമ്യം പോലും വേണ്ടാത്തൊരു കേസാണിത്. ആരോപണം ഉന്നയിക്കുന്ന വ്യക്തികൾ ആരാണെന്നത് പൊലീസുകാർക്കും അറിയാമല്ലോ എന്നും ജയസൂര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.