Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയെ...

പിണറായിയെ ക്യാപ്റ്റനാക്കാം; അഴിമതിയാരോപണങ്ങൾ തെളിയിച്ച ചെന്നിത്തലയല്ലേ യഥാർഥ ഹീറോ എന്ന് ജോയ് മാത്യു

text_fields
bookmark_border
joy mathew-pinarayi-chennithala
cancel

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് പുകഴ്ത്തുന്നതിനെ വിമർശിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ യഥാർഥ ഹീറോ എന്ന് വിശേഷിപ്പിച്ചും നടൻ ജോയ് മാത്യു. ഇടത് സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ സത്യമാണെന്ന് തെളിയിച്ച രമേശ് ചെന്നിത്തലയല്ലേ യഥാർഥ ഹീറോ എന്ന് ജോയ് മാത്യു ചോദിക്കുന്നു.

വി.എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഉന്നയിച്ച പല ആരോപണങ്ങളും സി.പി.എമ്മിന്‍റെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി ഒടുങ്ങിയെന്നും ജോയ് മാത്യു പറയുന്നു. സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ ഉന്നയിക്കുകയും പിന്നീട് തെളിയിക്കപ്പെടുകയും ചെയ്ത ആരോപണങ്ങളുടെ പട്ടികയും ജോയ് മാത്യു തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ആരാണ് ഹീറോ

----------------

അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യാപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം. എന്നാൽ, തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർഥ ഹീറോ?

കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ കൊണ്ടുവന്ന പല ആരോപണങ്ങളും സ്വന്തം പാർട്ടിയുടെ തന്നെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങിയപ്പോൾ രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങൾ സർക്കാരിന്‍റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതിൽ നിന്നും ഗവൺമെന്‍റിന് പിന്തിയേണ്ടി വന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു റെക്കോഡ് വിജയമായി വേണം കരുതാൻ. ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കഴിഞ്ഞ അഞ്ചു വർഷമായി സർക്കാരിനെ തിരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തിയതുമായ ചില കാര്യങ്ങൾ:

1. ബന്ധുനിയമനം:

മന്ത്രി ഇ.പി. ജയരാജന്‍റെ ഭാര്യ സഹോദരി പി.കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് ശേഷം നിയമനം റദ്ദാക്കി.

2. സ്പ്രിങ് ക്ലർ:

കോവിഡ് വിവര വിശകലനത്തിന് യു.എസ് കമ്പനി സ്പ്രിങ് കറിനു കരാർ നൽകിയതിൽ ചട്ടലംഘനം. ആരോപണവുമായി പ്രതിപക്ഷനേതാവ്. സർക്കാർ കരാർ റദ്ദാക്കി.

3. പമ്പ മണൽക്കടത്ത്‌:

2018ലെ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണൽ മാലിന്യമെന്ന നിലയിൽ നീക്കാൻ കണ്ണൂരിലെ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സിനു കരാർ നൽകി. സർക്കാരിന് 10 കോടിയുടെ നഷ്ടമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം. പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറി.

4. ബ്രൂവറി:

നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് 3 ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചതിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. സർക്കാർ അനുമതി റദ്ദാക്കി.

5. മാർക്ക് ദാനം:

സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി. ജലീലിന്‍റെ നേതൃത്വത്തിൽ നടത്തിയ അദാലത്തും മാർക്ക് ദാനവും. മാർക്ക് ദാനം നിയമവിരുദ്ധമെന്നു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.

6. ഇ–മൊബിലിറ്റി പദ്ധതി:

ഇ-മൊബിലിറ്റി കൺസൽറ്റൻസി കരാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് കൊടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത്. സർക്കാർ പി.ഡബ്യൂ.സിയെ ഒഴിവാക്കി.

7. സഹകരണ ബാങ്കുകളിൽ കോർ ബാങ്കിങ്:

സ്വന്തമായി സോഫ്റ്റ്‌വെയർ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോർ ബാങ്കിങ് സോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ 160 കോടിയുടെ കരാറെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം. സർക്കാർ കരാർ റദ്ദാക്കി.

8. സിംസ് പദ്ധതി:

പൊലീസിന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്) എന്ന പദ്ധതിയുടെ പേരിൽ ഗാലക്സോൺ എന്ന കമ്പനിക്കു കരാർ നൽകിയ വിവരം പ്രതിപക്ഷ നേതാവ് വിവാദമാക്കിയതോടെ സർക്കാർ പദ്ധതി മരവിപ്പിച്ചു.

9. പൊലീസ് നിയമഭേദഗതി:

പൊലീസ് നിയമ ഭേദഗതിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് നിയമം സർക്കാർ പിൻവലിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് (റിപ്പീലിങ് ഓർഡിനൻസ്) പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്തു.

10. ആഴക്കടൽ മത്സ്യബന്ധനം:

കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടെന്ന് രമേശ് ചെന്നിത്തല. സർക്കാർ നിഷേധിച്ചെങ്കിലും അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി ഒപ്പിട്ട ധാരണാപത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഒരാഴ്ചക്ക് ശേഷം ഇ.എം.സി.സിയുമായി ഉണ്ടാക്കിയ എല്ലാ ധാരണാപത്രങ്ങളും സര്‍ക്കാര്‍ റദ്ദാക്കി.

11. പുസ്തകം വായിക്കുന്നതിന്‍റെ പേരിൽ അലൻ, താഹ എന്നീ രണ്ടു വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരികയും സർക്കാറിന്‍റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടപ്പെടുകയുമുണ്ടായി.

12. ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് പതിമൂന്ന് ലക്ഷം ഇരട്ട കള്ളവോട്ടുകൾ ഉണ്ട് എന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ഇലക്ഷൻ കമീഷൻ ശരിവെച്ചു.അന്വേഷണത്തിന് ഇലക്ഷൻ കമീഷൻ കലക്റ്റർമാർക്ക് നിർദേശം കൊടുത്തു. ഇപ്പോൾ, ഇരട്ടവോട്ടുകൾ ഉണ്ടെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്നു. അപ്പോൾ ആരാണ് യഥാർത്ഥ ഹീറോ?

വാൽകഷ്ണം:

ലോക വായനാദിനത്തിൽ താൻ ദിവസവും രണ്ടു പുസ്തകങ്ങൾ വായിക്കാറുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെ പുസ്തകം കൈ കൊണ്ട് തൊടാത്തവർ പരിഹസിച്ചു ട്രോളിറക്കി. ഇപ്പോൾ എനിക്കും ബോധ്യമായി ഒന്നിൽ കൂടുതൽ പുസ്തകങ്ങൾ വായിച്ചാലുള്ള ഗുണങ്ങൾ. യഥാർഥത്തിൽ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaJoy Mathewassembly election 2021Pinarayi Vijayan
News Summary - Actor Joy Mathew define Pinarayi Vijayan and Ramesh Chennithala
Next Story