വിവാദ പ്രസ്താവന; മാപ്പു പറഞ്ഞ് കൊല്ലം തുളസി തടിയൂരി
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ വിവാദപരാമര്‍ശം നടത്തിയ നടൻ കൊല്ലം തുളസി വനിതകമീഷന് മാപ്പെഴുതി നൽകി. കമീഷന്‍ കേസെടുത്തതിനെതുടർന്നാണ് തുളസി നേരിട്ട് ഹാജരായി മാപ്പെഴുതി നൽകിയത്.
ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്ന പ്രസ്താവനക്കെതിരെ വനിതകമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പ്രസ്താവന വിവാദമായതോടെ മാപ്പുപറഞ്ഞ തുളസി, പ്രാർഥനായോഗത്തില്‍ പങ്കെടുത്ത അമ്മമാരുടെ പ്രതികരണത്തില്‍ ആവേശം തോന്നി നടത്തിയ പരാമർശമായിരുെന്നന്ന് വിശദീകരിച്ചിരുന്നു. മാപ്പപേക്ഷയിൽ തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് കമീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. ആവേശത്തിൽ പ്രതികരിച്ചതാണെന്നും അദ്ദേഹം നേരേത്ത മാപ്പുചോദിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
എൻ.ഡി.എ ചെയർമാൻ പി.എസ്. ശ്രീധരൻപിള്ള നയിക്കുന്ന ശബരി സംരക്ഷണ യാത്രക്ക് ചവറയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചത്. ‘ഉത്തരവിറക്കിയ ജഡ്ജിമാർ ശുംഭന്മാരാണ്. അയ്യപ്പനാമജപം ഇവിടെകൊണ്ട് അവസാനിപ്പിക്കരുത്. വേണ്ടിവന്നാൽ സുപ്രീംകോടതി വരെ നാമജപയാത്ര നടത്തണം. ശബരിമലയിൽ യുവതിപ്രവേശനം ഒരു നിലക്കും അനുവദിക്കരുത്’ -അദ്ദേഹം പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.