‘മൂത്രം പരിപാവനം പരിശുദ്ധം, എല്ലാ അസുഖങ്ങള്‍ക്കും കുടിക്കാം’; മൂത്ര ചികിത്സയെ പിന്തുണച്ച് വീണ്ടും നടൻ കൊല്ലം തുളസി
text_fieldsതൃശൂർ: മൂത്രം പരിപാവനവും പരിശുദ്ധവുമാണെന്നും സകലവിധ അസുഖങ്ങള്‍ക്കും അത് കുടിക്കാമെന്നും ആശുപത്രികൾ കയറിയിറങ്ങേണ്ടതില്ലെന്നും നടൻ കൊല്ലം തുളസി. തൃശൂരിൽ യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിച്ചു തുടങ്ങിയാൽ കുറച്ചുകാലം കൂടി ജീവിക്കാമെന്നും ചികിത്സ ചെലവുകൾ താങ്ങാനാവാത്ത പാവപ്പെട്ടവരെ കണ്ടെത്തി അവരെ പറഞ്ഞു മനസ്സിലാക്കേണ്ട ധാർമികമായ കടമ നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴും എല്ലാ വാതിലുകളും കൊട്ടിയടയുമ്പോഴും എന്തിനെയും കയറി പ്രാപിക്കാൻ ശ്രമിക്കുന്ന മാനസികാവസ്ഥ എല്ലാവർക്കും ഉണ്ടാവാറുണ്ട്. എനിക്ക് കാൻസർ പിടിപെട്ടപ്പോൾ കുറച്ചുനാൾ കൂടി ജീവിച്ചിരിക്കണമെന്ന മോഹം കാരണം പല വഴികളും തേടിയിരുന്നു. അക്കൂട്ടത്തിലാണ് യൂറിൻ തെറാപ്പിയെ കുറിച്ചറിയുന്നത്. ഞാൻ വിജയിച്ചു. എനിക്കിപ്പോൾ 75 വയസ്സായി. എന്റെ ബലത്തിന്, ശക്തിക്ക് എന്റെ രക്ഷകനായി യൂറിൻ ഉള്ളിടത്തോളം ഞാൻ നിൽക്കും, ഉറപ്പാണ്. നമ്മൾ തമ്മിൽ ഇനിയും കാണണമെന്നുണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ മൂത്രം കുടിച്ചു തുടങ്ങിക്കോ. ഒരു ചെലവുമില്ല. ആശുപത്രിയിൽ പോകണ്ട, ഡോക്ടറെ കാണണ്ട, മെഡിക്കൽ ഷോപ്പിൽ പോകണ്ട. അറിയുക, കുടിക്കുക. പലരും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പറയാൻ ചമ്മലാണ്. ഇന്നല്ലെങ്കിൽ നാളെ ലോകം ഉറക്കെ പറയുന്ന അവസരം വരും. ഞാൻ ഇക്കാര്യം ഉറക്കെപ്പറയുന്നതിന് വളരെ മ്ലേച്ചമായ തെറികൾ കേൾക്കേണ്ടിവന്നിട്ടുണ്ട്. എന്റെ മൂത്രം ഞാൻ കുടിക്കുന്നതിനാണ് ഞാനീ തെറി കേൾക്കുന്നത്’ -കൊല്ലം തുളസി പറഞ്ഞു.
‘മൂത്രം പരിപാവനമാണ്, പരിശുദ്ധമാണ്, ഉപയോഗപ്രദമാണ്. അസുഖം വന്നാൽ ആശുപത്രികൾ കയറിയിറങ്ങി സാധാരണക്കാരന്റെ ജീവിതം താറുമാറാകും. ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപ ചെലവായാലും ജീവൻ തിരിച്ചുകിട്ടാത്ത അവസ്ഥയാണ് ആധുനിക ലോകത്ത്. വിലയില്ലാതെ കിട്ടുന്ന വസ്തുവാണ് മൂത്രം. ഭാര്യയറിയാതെ ഭർത്താവിനും ഭർത്താവറിയാതെ ഭാര്യക്കും കുടിക്കാം. ഇതിന് ഒരു നാറ്റവുമില്ല. നിങ്ങളുടെ സകലവിധ അസുഖങ്ങൾക്കും നാണമില്ലാതെ മാനമില്ലാതെ കുടിക്കുക. നമ്മുടെ മൂത്രമാണ്, അന്യന്റേതല്ല. കുടിച്ചു തുടങ്ങിക്കോ. കുറച്ചുകാലം കൂടി ജീവിക്കാം, പണച്ചെലവില്ല. മെഡിക്കൽ ചെലവുകൾ താങ്ങാനാവാത്ത പാവപ്പെട്ടവരെ കണ്ടെത്തി അവരെ പറഞ്ഞു മനസ്സിലാക്കേണ്ട ധാർമികമായ കടമ നമുക്കുണ്ട്’ -കൊല്ലം തുളസി കൂട്ടിച്ചേർത്തു.
മൂത്രം കുടിക്കരുത്, വിഷാംശമുണ്ടെന്ന് വൈദ്യശാസ്ത്രം
മുമ്പും മൂത്രം കുടിക്കുന്നതിന് പ്രോത്സാഹനവുമായി കൊല്ലം തുളസി രംഗത്തെത്തിയിരുന്നു. എന്നാൽ, ശരീരത്തിന് ആവശ്യമില്ലാത്ത വിഷാംശങ്ങളടങ്ങിയതാണ് മലവും മൂത്രവുമെന്നും മൂത്ര ചികിത്സ അശാസ്ത്രീയമാണെന്നുമുള്ള മുന്നറിയിപ്പുമായി ഡോക്ടർമാർ രംഗത്തെത്തി. ക്രിയാറ്റിനും അമോണിയയും ഉൾപ്പെടെയുള്ളവ മൂത്രത്തിലൂടെ ശരീരം പുറംതള്ളുന്നുണ്ടെന്നും രോഗം മാറ്റാൻ കഴിയുമെന്നത് ശാസ്ത്രീയ പരിശോധനയിലും മറ്റും തെളിയിക്കാൻ കഴിയാത്ത കാര്യമാണെന്നും വെറും പൗരാണികത മാത്രം പറഞ്ഞാൽ ശാസ്ത്രമാവില്ലെന്നുമായിരുന്നു ഡോക്ടർമാരുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.