കൃഷ്ണകുമാറും പിണക്കത്തിൽ; ബി.ജെ.പി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി നടൻ
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാർ. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പങ്കെടുത്ത പരിപാടിയിൽ വേദിയിൽ ഇരിപ്പിടം നൽകാത്തതും സംസ്ഥാന നേതാക്കൾ ക്ഷണിക്കാത്തതുമാണ് നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി കൂടിയായിരുന്ന നടനെ പ്രകോപിപ്പിച്ചത്.
ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായ കൃഷ്ണകുമാറിനെ ദേശീയ അധ്യക്ഷൻ നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിശാൽ ജനസഭയിൽ പങ്കെടുക്കാൻ സംസ്ഥാന നേതാക്കൾ ക്ഷണിച്ചിരുന്നില്ല. കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ വിളിച്ചപ്പോഴാണ് പരിപാടിയെ കുറിച്ച് അറിയുന്നതെന്ന് കൃഷ്ണകുമാർ പറയുന്നു. 'കഴിഞ്ഞ ദിവസം പ്രകാശ് ജാവ്ദേക്കർ വിളിച്ചിരുന്നു. എന്നോട് പരിപാടിക്ക് പോകുന്നില്ലേയെന്ന് ചോദിച്ചിരുന്നു. ഏത് പരിപാടിയെന്ന് ചോദിച്ചപ്പോൾ അദ്ദേഹമാണ് ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് പറഞ്ഞത്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് ഞാൻ അവിടെ പോയത്' -കൃഷ്ണകുമാർ പറഞ്ഞു.
കവടിയാർ ഉദയ് പാലസിലായിരുന്നു ബി.ജെ.പി വിശാൽ ജനസഭ നടന്നത്. വേദിയിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് സദസിൽ ഇരുന്ന കൃഷ്ണകുമാർ പരിപാടി അവസാനിക്കും മുമ്പ് മടങ്ങുകയും ചെയ്തു.
‘നമ്മുടെ സമയം നമ്മെ അർഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണു യോഗം. ഞാൻ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയിൽ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണു ഞാൻ തന്നെ ഓർക്കുന്നത്. ഇടയ്ക്കു രണ്ടു പേർ വേദിയിൽനിന്ന് ഇറങ്ങിവന്ന് എന്നോടു വേദിയിൽ വന്ന് ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഈ ഇരിപ്പിടത്തിൽ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും പറഞ്ഞ് ക്ഷണം നിരസിച്ചു’ – ഇതുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ പ്രതികരിച്ചു.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയും കൃഷ്ണകുമാർ വിമർശനമുയർത്തി. താൻ വിളിക്കുമ്പോൾ ഫോൺ എടുക്കാനോ തിരികെ വിളിക്കാനോ നേതാക്കൾ തയാറാകുന്നില്ലെന്നാണ് വിമർശനം. 'സംസ്ഥാന അധ്യക്ഷനൊക്കെ തിരക്കുള്ള നേതാക്കളാണ്. അവർക്കൊക്കെ ദിവസവും നിരവധി ഫോൺകോളുകൾ വരുന്നതാണ്. ആരെയും വിളിച്ച് പരാതി പറഞ്ഞിട്ടില്ല. ആരും ഇതത്ര വലിയ പ്രശ്നമായി കണ്ടുകാണില്ല. എന്റെ ഫോൺ എപ്പോഴും ഫ്രീയാണ്. ആർക്ക് വേണമെങ്കിലും തന്നെ വിളിക്കാവുന്നതേയുള്ളൂ' -നടൻ പറഞ്ഞു.
തർക്കങ്ങളുണ്ടെങ്കിലും ബി.ജെ.പി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് നടൻ ഭീമൻ രഘു, സംവിധായകൻ രാജസേനൻ, അലി അക്ബർ എന്നിവർ പാർട്ടിയുമായി അകന്നതിന് പിന്നാലെയാണ് കലാമേഖലയിൽ നിന്നുള്ള ഒരാൾ കൂടി അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.