ഉറ്റവരും ഉടയവരുമില്ല; ഇവിടെ മാധവൻ തനിച്ചാണ്
text_fieldsകൊല്ലം: സുഹൃത്തുകളെയും ഉറ്റവരെയും ഓർത്തെടുക്കാൻ കഴിയാതെ വേദനകൾ അലോസരപ്പെടുത്താതെയും ഒരു സിനിമ താരം ജീവിതം തള്ളിനീക്കുന്നു. ഒരു കാലഘട്ടത്തിൽ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടൻ ടി.പി. മാധവനാണ് പത്തനാപുരത്തെ ഗാന്ധിഭവനിൽ ഓർമകൾ നഷ്ടപ്പെട്ടു കഴിയുന്നത്.
അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച താരസംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തെക്കുറിച്ച് ഗാന്ധിഭവൻ കഴിഞ്ഞ ദിവസം ഒരു വിഡിയോ പങ്കുവെച്ചിരുന്നു. ഗാന്ധിഭവനിൽ എത്തിയിട്ട് എട്ടുവർഷമായി. ടി.പി. മാധവനെ കാണാൻ സിനിമ മേഖലയിൽനിന്ന് അധികമാരും ഇവിടേക്ക് വന്നിട്ടില്ല.
പത്തനാപുരത്തിന്റെ എം.എൽ.എ കൂടിയായ കെ.ബി. ഗണേഷ്കുമാർ, സുരേഷ് ഗോപി, ജയരാജ് വാര്യർ, നടി ചിപ്പി, ഭർത്താവും നിർമാതാവുമായ എം. രഞ്ജിത്, മധുപാൽ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് സിനിമ മേഖലയിൽനിന്ന് എത്തിയതെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞു. ‘ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛൻ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു’ എന്നാണ് ഓണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ടി.പി. മാധവൻ പറഞ്ഞത്.
ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയിലാണ് മാധവൻ താമസിക്കുന്നത്. സിനിമ വിട്ട് ഹരിദ്വാറിൽ തീർഥാടനത്തിന് പോയ ടി.പി. മാധവൻ അവിടെ താമസസ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു.
ചില സന്യാസിമാരാണ് ആശുപത്രിയിലെത്തിച്ചതും പിന്നീട് തിരുവനന്തപുരത്തേക്ക് വണ്ടികയറ്റി അയച്ചതും. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം അദ്ദേഹം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് മറവിരോഗം ബാധിച്ചു. അദ്ദേഹത്തെ കാണാൻ കുടുംബാംഗങ്ങളാരും ഗാന്ധിഭവനിൽ എത്താറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.