നടൻ പവിത്രൻ കോഴിക്കോടിനും കുടുംബത്തിനും അക്ഷരവീടിന്റെ തണൽ
text_fieldsകൊച്ചി: മലയാളത്തിന്റെ മധുരാക്ഷരങ്ങൾ ചേർത്തുനിർത്തി 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണി-എൻ.എം.സി ഗ്രൂപ്പും ചേർന്നൊരുക്കുന്ന 33ാമത് അക്ഷരവീട് നടൻ പവിത്രൻ കോഴിക്കോടിന് സമർപ്പിച്ചു. കൊച്ചി കലൂരിലെ അമ്മ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നടനും 'അമ്മ' പ്രസിഡൻറുമായ മോഹൻലാലാണ് 'ദ' അക്ഷരവീട് സമ്മാനിച്ചത്.
അക്ഷരവീടിന്റെ ഭാഗമാകാൻ 'അമ്മ'ക്ക് സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. അക്ഷരവീട് സംരംഭത്തിൽ 'അമ്മ'യും പ്രത്യേകിച്ച് മോഹൻലാലും ഇടവേള ബാബുവും വലിയ പിന്തുണയാണ് നൽകുന്നതെന്ന് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് പറഞ്ഞു. ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുകയാണെന്നും വളരെയധികം സന്തോഷമുണ്ടെന്നും മറുപടി പ്രസംഗത്തിൽ പവിത്രൻ കോഴിക്കോട് പറഞ്ഞു. സർവേശ്വരനോടും മാധ്യമത്തോടും അമ്മയോടും യൂനിമണി-എൻ.എം.സി ഗ്രൂപ്പിനോടുമെല്ലാം നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡൻറ് മണിയൻ പിള്ള രാജു എന്നിവർ സംസാരിച്ചു.
മാധ്യമം ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ, ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ, റെസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ, പി.ആർ. മാനേജർ കെ.ടി. ഷൗക്കത്തലി, പവിത്രന്റെ ഭാര്യ ഉഷ, മകൻ സൂര്യനന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പാലക്കാട് പുലാപ്പറ്റയിലാണ് പവിത്രനും കുടുംബത്തിനും അക്ഷരവീട് ഒരുക്കിയിട്ടുള്ളത്. വെള്ളാനകളുടെ നാട്, അരം+അരം=കിന്നരം, വന്ദനം, അദ്വൈതം, ദേവാസുരം തുടങ്ങി 60ഓളം ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച നടനാണ് പവിത്രൻ. ഏറെക്കാലം കോഴിക്കോട്ടായിരുന്നു താമസം.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും നാടിന് അഭിമാനമായി മാറുകയും ചെയ്ത പ്രതിഭകൾക്കുള്ള ആദരവും അവരുടെ വീടെന്ന സ്വപ്നത്തിന്റെ പൂർത്തീകരണവുമാണ് അക്ഷരവീട് എന്ന സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കല, കായിക, സാമൂഹ്യ, സാംസ്കാരിക രംഗത്ത് കഴിവു തെളിയിച്ച 32 പേർ ഇതിനകം അക്ഷരവീടിലൂടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.