‘വീട്ടിലെ പണിക്കാർക്ക് കുഴികുത്തി കഞ്ഞി വിളമ്പിയത് നൊസ്റ്റാൾജിയയോടെ ഓർക്കുന്ന കെ.കെ’; വിവാദം
text_fieldsനടനും ബി.ജെ.പി നേതാവുമായ കൃഷ്ണ കുമാറിന്റെ തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന തരത്തിലുള്ള പരാമര്‍ശം വിവാദമാകുന്നു. പണ്ട് കാലത്ത് തന്റെ വീട്ടിൽ ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളെ ഗൃഹാതുരത്വത്തോടെ ഓർക്കുന്ന കൃഷ്ണ കുമാറിന്റെ പഴയൊരു വിഡിയോ ആണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് മണ്ണില്‍ കുഴി കുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്പ്രാദയത്തെക്കുറിച്ചായിരുന്നു നടൻ വിഡിയോയിൽ പരാമർശിക്കുന്നത്.
കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധുവിന്‍റെ യുട്യൂബ് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് കൃഷ്ണകുമാറിന്‍റെ ജാതീയത തുറന്നുകാട്ടുന്ന പരാമര്‍ശമുള്ളത്. ''ഞങ്ങള്‍ തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോള്‍ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോള്‍ മണിയാകുമ്പോള്‍ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പില്‍ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിളിച്ച വിരിച്ച കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും''. കൊച്ചി മാരിയറ്റില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മ്മകളാണെന്നാണ് കൃഷ്ണ കുമാര്‍ വീഡിയോയില്‍ പറയുന്നത്.
അഞ്ചുമാസം മുമ്പ് സിന്ധു കൃഷ്ണ കുമാർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ, ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകളാണ് കടുത്ത വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. ''അസമത്വത്തെക്കുറിച്ച് ഇത്ര നൊസ്റ്റാള്‍ജിയ തോന്നുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ജാതീയതയിലേക്കുള്ള, പുറകിലേക്കുള്ള ആ ടൈം ട്രാവല്‍ ഷോ കാണാന്‍ എനിക്കല്‍പ്പം പോപ്‌കോണ്‍ തരൂ'' എന്നായിരുന്നു ബിഗ് ബോസ് താരം റിയാസ് സലീം സോഷ്യൽമീഡിയയിൽ കുറിച്ചത്.
വിഡിയോക്ക് ലഭിച്ച ചില കമന്റുകളും റിയാസ് സലിം പങ്കുവെച്ചിട്ടുണ്ട്. ‘‘ആരെങ്കിലും ഇയാളെ ക്ഷണിക്കണം, എന്നിട്ട് ഒരു കുഴി കുത്തി അതില്‍ കഞ്ഞിയൊഴിച്ച് കൊടുക്കണം. എന്തിനാ കൊതി വിടുന്നേ കഴിക്കട്ടെ, ദളിത് ജീവിതവും തൊട്ടുകൂടായ്മയും ഫാന്റസൈസ് ചെയ്യുന്ന പാവം സവര്‍ണ പുരുഷന്‍, പരിതാപകരം, വാക്കുകളില്ല, ഇയാളെ ചന്ദ്രനിലേക്ക് നാടുകടത്തണം എന്തൊരു വൃത്തികേട് എന്നിങ്ങനെയായിരുന്നു പ്രതികരണങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.