നടൻ പൂജപ്പുര രവി അന്തരിച്ചു
text_fieldsഇടുക്കി: പ്രശസ്ത ചലച്ചിത്ര-നാടക നടൻ പൂജപ്പുര രവി (രവീന്ദ്രൻ നായർ) അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ മകൾ ലക്ഷ്മിയുടെ വീട്ടിലായിരുന്നു അന്ത്യം. 800ഓളം സിനിമകളിലും 4000ത്തോളം നാടകങ്ങളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി ജനിച്ച പൂജപ്പുര രവി മലയാള സിനിമയുടെ വഴിമാറ്റത്തിനൊപ്പം സഞ്ചരിച്ച നടനാണ്. ഹാസ്യ വേഷങ്ങളിലൂടയാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായത്. എസ്.എൽ.പുരം സദാനന്ദന്റെ 'ഒരാൾ കൂടി കള്ളനായി' എന്ന നാടകത്തിൽ 'ബീരാൻകുഞ്ഞ്' എന്ന കഥാപാത്രത്തെ അവതരിച്ചാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അതിനു ശേഷം 'കലാനിലയം ഡ്രാമാ വിഷൻ' നാടക സംഘത്തിലും സിനിമകളിലും പ്രവർത്തിച്ചു.
വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. കുയിലിനെ തേടി, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, തേനും വയമ്പും, നായാട്ട്, ഇതാ ഇന്നുമുതൽ, രാക്കുയിലിൻ രാഗസദസ്സിൽ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ദ കാർ, കിഴക്കൻ പത്രോസ്, ആയിരപ്പറ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
വീട്ടിൽ ഒപ്പമുണ്ടായിരുന്ന മകൻ ഹരികുമാർ അയര്‍ലന്റിലേക്ക് പോയതോടെയാണ് പൂജപ്പുരയിൽനിന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ മറയൂരിലെ മകളുടെ വീട്ടിലേക്ക് താമസം മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.