പലരെയും കാണുന്നതും പല സ്ഥലങ്ങളില്‍ പോകുന്നതും സാമൂഹിക ജീവിതത്തിന്‍റെ ഭാഗമെന്ന് പ്രയാഗ മാർട്ടിൻ
text_fieldsകൊച്ചി: ഓംപ്രകാശിനെ തനിക്ക് അറിയില്ലെന്നും വാര്‍ത്ത വന്നശേഷം ഗൂഗിള്‍ ചെയ്താണ് ആളെ മനസ്സിലാക്കിയതെന്നും നടി പ്രയാഗ മാർട്ടിൻ. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരി കേസുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ചോദ്യം ചെയ്യലിനു ശേഷം പ്രതികരിക്കുകയായിരുന്നു പ്രയാഗ.
സുഹൃത്തിനെ കാണാനാണ് ഹോട്ടലില്‍ ചെന്നത്. ലഹരിപ്പാര്‍ട്ടി നടക്കുന്നത് അറിയില്ലായിരുന്നു. പലരെയും കാണുന്നതും പല സ്ഥലങ്ങളില്‍ പോകുന്നതും സാമൂഹിക ജീവിതത്തിന്‍റെ ഭാഗമാണ്. അവിടെ ക്രിമിനലുകളുണ്ടോ, അവരുടെ പശ്ചാത്തലം, തുടങ്ങിയവയൊന്നും നോക്കിയല്ല പോകുന്നത്.
താന്‍ പോയ സ്ഥലത്ത് ഇങ്ങനെ ഒരാള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ഒരാളെ കണ്ടതായി ഓര്‍മയില്ല. ചില ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് പൊലീസിനോട് മാത്രമാണെന്നും പ്രയാഗ കൂട്ടിച്ചേർത്തു.
ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ഇന്ന് ചോദ്യംചെയ്തിരുന്നു. നോട്ടീസ് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച എറണാകുളം മരട് സ്റ്റേഷനിൽ ഹാജരായ ശ്രീനാഥിന്‍റെ ചോദ്യംചെയ്യൽ അഞ്ചു മണിക്കൂറോളം നീണ്ടു.
ശ്രീനാഥ് പുറത്തിറങ്ങിയ ഉടൻ തേവരയിലെ അസി. കമീഷണറുടെ ഓഫിസിൽ പ്രയാഗ മാർട്ടിന്‍റെ ചോദ്യംചെയ്യൽ ആരംഭിച്ചു. ഇരുവരുടെയും ചോദ്യംചെയ്യലുകൾക്കിടെയിൽ പരസ്പരം ബന്ധപ്പെടാനാകാത്തവിധം സമയം ക്രമീകരിച്ചതും രണ്ട് കേന്ദ്രങ്ങൾ ചോദ്യംചെയ്യലിന് തെരഞ്ഞെടുത്തതും മൊഴികളിൽ വൈരുധ്യമുണ്ടോയെന്ന് പരിശോധിക്കാനാണെന്നാണ് വിവരം.
രാവിലെ 11.45ന് സ്റ്റേഷനിലെത്തിയ ശ്രീനാഥിന്‍റെ ചോദ്യംചെയ്യൽ 12 മണിയോടെയാണ് തുടങ്ങിയത്. വൈകീട്ട് അഞ്ചുമണി വരെ നീണ്ടു. പിതാവിനും സഹോദരനും അഭിഭാഷകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ശ്രീനാഥെത്തിയത്. ആദ്യം മെട്രോ സി.ഐയുടെ നേതൃത്വത്തിലും തുടർന്ന് എറണാകുളം എ.സി.പി പി. രാജ്കുമാറിന്‍റെ നേതൃത്വത്തിലുമായിരുന്നു ചോദ്യംചെയ്യൽ.
നടനും അഭിഭാഷകനുമായ സാബുമോനൊപ്പം വൈകീട്ട് അഞ്ചോടെയാണ് പ്രയാഗ മാർട്ടിൻ അസി. കമീഷണറുടെ ഓഫിസിൽ ഹാജരായത്. ചോദ്യംചെയ്യൽ വൈകിയും നീണ്ടു. ശ്രീനാഥും പ്രയാഗയും കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിലെത്തിയിരുന്നെന്ന് തെളിവും സാക്ഷിമൊഴികളും ശേഖരിച്ച് പൊലീസ് ഉറപ്പാക്കിയിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ, കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ നിരവധി പേരുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ.
ഏത് സാഹചര്യത്തിലാണ് ഓംപ്രകാശിന്‍റെ മുറിയിലെത്തിയതെന്ന് ഇരുവരോടും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചു. ഓംപ്രകാശുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ, ലഹരി പാർട്ടിയിൽ പങ്കെടുക്കാനാണോ എത്തിയത്, ആഡംബര ഹോട്ടലിലെ പാർട്ടിയിലേക്ക് എത്തിച്ചത് ആരാണ്, ലഹരി ഉപയോഗമുണ്ടായോ, പ്രതികളുമായി സാമ്പത്തിക ഇടപാടുകളുണ്ടോ തുടങ്ങിയ കാര്യങ്ങളിലും വിശദീകരണം തേടി.
ഓംപ്രകാശിനെ മുൻപരിചയമില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ശ്രീനാഥ് ഭാസി മൊഴി നൽകിയതായാണ് വിവരം. കേസിൽ ഉൾപ്പെട്ട എളമക്കര സ്വദേശി ബിനു ജോസഫിനൊപ്പമാണ് ഹോട്ടലിലെത്തിയതെന്നാണ് ശ്രീനാഥ് പറഞ്ഞത്. ഇരുവരുടെയും മൊഴികൾ താരതമ്യം ചെയ്ത് വൈരുധ്യങ്ങളുണ്ടോയെന്ന് വിശദമായി പരിശോധിക്കും. പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ വീണ്ടും വിളിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.