നടൻ ഷൈൻ ടോം പ്രതിയായ കേസ്: തുടരന്വേഷണത്തിന് ശേഷം വിസ്താരം വീണ്ടും ആരംഭിക്കുന്നു
text_fieldsകൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിമരുന്നുകേസിൽ സാക്ഷി വിസ്താരം വീണ്ടും ആരംഭിക്കുന്നു. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രവും സമർപ്പിച്ച ശേഷമാണ് നീണ്ട ഇടവേളയ്ക്കു ശേഷം സാക്ഷി വിസ്താരം പുനരാരംഭിക്കുന്നത്. പ്രോസിക്യൂഷൻ വിസ്താരം ജൂലൈ 10ന് തുടരും.
തുടരന്വേഷണത്തിന് കോടതിയുടെ അനുവാദം വാങ്ങിയതും പുതിയ സാക്ഷിമൊഴികൾ കൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം സമർപ്പിച്ചതും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഫ്രാൻസിസ് ഷെൽബിയാണ്. കേസിൽ പൊലീസിനുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഈ നടപടി.
ഷൈൻ ടോം ചാക്കോ, ബ്ലെസി സിൽവസ്‌റ്റർ, രേഷ്‌മ രംഗസ്വാമി, സ്‌നേഹ ബാബു, ടിൻസി ബാബു എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ. രഹസ്യവിവരത്തെ തുടർന്ന് ഇവർ താമസിച്ച ഫ്ലാറ്റിലെത്തിയ പൊലീസ് സംഘമാണ് പ്രതികളുടെ പക്കൽ നിന്നു ലഹരിമരുന്നു കണ്ടെത്തിയത്. പൊലീസ് എത്തിയതറിഞ്ഞ് ലഹരിമരുന്നു ക്ലോസറ്റിലിട്ടു ഫ്ലെഷ് ചെയ്യാൻ പ്രതികൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ലഹരിമരുന്നിന്‍റെ ചിത്രങ്ങൾ യുവതികളുടെ ഫോണുകളിലുണ്ടായിരുന്നു എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത് തുടരന്വേഷണത്തിലാണ്. ചെന്നൈയിലെ താമസക്കാരായ പൃഥ്വിരാജ്, ജസ്ബീർസിങ്, ആഫ്രിക്ക സ്വദേശി ഒക്കാവ കോളിൻസ് എന്നിവരാണു കേസിലെ മറ്റു പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.