ലൈംഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദീഖ്; അന്തിമ തീരുമാനമെടുക്കാതെ അന്വേഷണ സംഘം
text_fieldsകൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദീഖ്. പ്രത്യേക അന്വേഷണ സംഘത്തെയാണ് ഇമെയ്ൽ വഴി ഇക്കാര്യം അറിയിച്ചത്. നേരത്തെ, സുപ്രീംകോടതി സിദ്ദീഖിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ വിശദമായ വാദം സുപ്രീംകോടതി കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദീഖ് അറിയിച്ചിട്ടുള്ളത്.
സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിന് മുമ്പാണോ ശേഷമാണോ ചോദ്യം ചെയ്യേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അന്വേഷണ സംഘം കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കേസിൽ സിദ്ദീഖിനെ അടുത്തയാഴ്ച ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കണമെന്നും അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിടണമെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സിദ്ദീഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. കേസിലെ കക്ഷികളായ പരാതിക്കാരിക്കും സംസ്ഥാന സർക്കാറിനും കോടതി നോട്ടീസ് അയച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
എട്ടു വർഷമായി പരാതി നൽകിയില്ലെന്നും പരാതിക്കാരി ഹോട്ടലിൽ കൂടിക്കാഴ്ചക്ക് വന്നത് മാതാപിതാക്കൾക്കൊപ്പം ആയിരുന്നുവെന്നും സിദ്ദീഖിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു. പരാതിക്കാരി ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്ത കുറിപ്പുകളിൽ വൈരുധ്യമുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു.
എന്തുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും ഒരു ദശാബ്ദക്കാലത്തോളം മൗനം തുടർന്നതിന് തൃപ്തികരമായ മറുപടി നൽകാനാകുമോ എന്നും വാദത്തിനിടെ പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗോവറിനോട് കോടതി ചോദിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും വിശാലാർഥത്തിൽ കാണണമെന്നും അവർ കോടതിയെ അറിയിച്ചു. പരാതിക്കാരിക്ക് 19 വയസ്സുള്ളപ്പോഴാണ് മോശം അനുഭവമുണ്ടായത്. മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ സംഘടനയുടെ സെക്രട്ടറിയായിരുന്നു സിദ്ദീഖ് എന്നും അഭിഭാഷക വാദിച്ചു.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതുവരെ സൂപ്പർ ഹീറോകൾക്കെതിരെ സംസാരിക്കാൻ കഴിയില്ലായിരുന്നുവെന്നാണ് കേരള സർക്കാറിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്യര്യ ഭാട്ടി പറഞ്ഞത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെതുടർന്ന് മലയാള സിനിമാ മേഖലയിൽ നിന്നുള്ള 29 പേർക്കെതിരെ 29 കേസുകളെടുത്തിട്ടുണ്ട്. ഇതിൽ നടപടി സ്വീകരിച്ചുവരികയാണ്. വഴങ്ങണം, സഹകരിക്കണം തുടങ്ങിയ വാക്കുകൾ തന്നെ മലയാള സിനിമയിലുണ്ടെന്നും അവർ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.