ജാമ്യ ഹരജി തള്ളിയതിനു പിന്നാലെ സിദ്ദിഖ് ‘മുങ്ങി’; സുപ്രീംകോടതിയെ സമീപിച്ചേക്കും
text_fieldsകൊച്ചി: ലൈംഗികാതിക്രമ കേസിൽ ഹൈകോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിനു പിന്നാലെ നടൻ സിദ്ദിഖ് ഒളിവിൽ പോയതായി സൂചന. കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചാലുടൻ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് അഭിഭാഷകരുടെ നീക്കം. അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സിദ്ദിഖ് ഫോൺ സ്വിച്ച് ഓഫ് ആക്കുകയും മാധ്യമങ്ങൾക്കു മുന്നിൽവരാതെ മാറിയതും. നിലവിൽ കൊച്ചിയിലെ വീട്ടിൽ നടൻ ഇല്ലെന്നാണ് വിവരം.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളിൽ സിദ്ദിഖിനെതിരെ ലുക്ക്ഔട്ട് സർക്കുലർ നൽകി. വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് പൊലീസിന്‍റെ നീക്കം. അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയതായാണ് വിവരം. നടനുവേണ്ടി തിരച്ചിൽ വ്യപകമാക്കിയിട്ടുണ്ട്. ഹൈകോടതിയുടെ വിധി പകർപ്പ് ഉച്ചക്ക് ശേഷം മാത്രമേ ലഭ്യമാകുകയുള്ളൂ. സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെങ്കിൽ വിധി പകർപ്പ് ലഭിക്കേണ്ടതുണ്ട്.
നേരത്തെ സിദ്ദിഖിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും സാഹചര്യ തെളിവുകൾ നടനെതിരാണെന്നും കാണിച്ചാണ് ഹൈകോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയത്. യുവനടി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. എന്നാൽ നിരപരാധിയാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
വർഷങ്ങൾക്കു മുമ്പ് നടന്നെന്നു പറയുന്ന സംഭവത്തിലാണ് യുവതി പരാതിയുമായി രംഗത്തുവന്നത്. 2018ൽ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടി ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ആ ഘട്ടത്തിലൊന്നും ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ഘട്ടത്തിൽ തനിക്കെതിരെയുള്ള ആരോപണം ബലപ്പെടുത്താനാണ് യുവതി ബലാത്സംഗക്കുറ്റം ആരോപിക്കുന്നതെന്നായിരുന്നു സിദ്ദിഖിന്‍റെ വാദം. എന്നാൽ ഈ വാദങ്ങൾ ഹൈകോടതി അംഗീകരിച്ചില്ല.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, തിരുവനന്തപുരത്ത് കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധന നടത്തിയിരുന്നു. ഹോട്ടൽ രജിസ്റ്റർ, ഫോൺ കോളുകൾ എന്നിവയെല്ലാം പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകൾ എസ്.ഐ.ടി കോടതിയിൽ ഹാജരാക്കി. സാഹചര്യത്തെളിവുകൾ പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കാനാവില്ല എന്ന നിലപാട് ഹൈകോടതി സ്വീകരിക്കുകയായിരുന്നു.
നടിയുടെ ലൈഗികാരോപണത്തിനു പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ നടിയാണ് പരാതിയുമായി രംഗത്തുവന്നത്. 2012ൽ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തന്നെ ഹോട്ടലിലേക്ക് വിളിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. ഇവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നു. ഹോട്ടൽ രേഖകൾ ഉൾപ്പടെയുള്ള തെളിവുകളും യുവതി പുറത്തുവിട്ടു. സിനിമയുടെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെ സാഹചര്യ തെളിവുകൾ സിദ്ദിഖിന് എതിരായി. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എസ്.ഐ.ടിക്ക് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.