ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നൽകി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നൽകി സുപ്രീംകോടതി. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. എട്ടു വർഷത്തിനു ശേഷമാണ് പരാതി നൽകിയതെന്ന വാദം പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. നേരത്തെ, സെപ്റ്റംബർ 30ന് സിദ്ദിഖിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോൾ സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു.
എട്ടുവർഷമായി പരാതി നൽകിയില്ലെന്നും പരാതിക്കാരി ഹോട്ടലിൽ കൂടിക്കാഴ്ചക്ക് വന്നത് മാതാപിതാക്കൾക്കൊപ്പം ആയിരുന്നുവെന്നും സിദ്ദീഖിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരി ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്ത കുറിപ്പുകളിൽ വൈരുധ്യമുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു.
കഴിഞ്ഞ തവണ വാദം കേട്ടപ്പോൾ, എന്തുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും ഒരു ദശാബ്ദക്കാലത്തോളം മൗനം തുടർന്നതിന് തൃപ്തികരമായ മറുപടി നൽകാനാകുമോ എന്നും പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗോവറിനോട് കോടതി ചോദിച്ചിരുന്നു. വിഷയം ഗൗരവമുള്ളതാണെന്നും വിശാലാർഥത്തിൽ കാണണമെന്നും അവർ കോടതിയെ അറിയിച്ചു. പരാതിക്കാരിക്ക് 19 വയസ്സുള്ളപ്പോഴാണ് മോശം അനുഭവമുണ്ടായത്. മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ സംഘടനയുടെ സെക്രട്ടറിയായിരുന്നു സിദ്ദിഖെന്നും അഭിഭാഷക വാദിച്ചു. എന്നാൽ, പരാതിക്കാരിയുടെ പ്രായം സംബന്ധിച്ച് പോലും അവ്യക്തതയുണ്ടെന്ന് സിദ്ദീഖിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
2016 ജനുവരി 28ന് നടൻ സിദ്ദീഖ് തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ ആരോപണം. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.