സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്? മന്ത്രിയായ ശേഷം തൃശൂരിൽ മത്സരിച്ചേക്കും
text_fieldsന്യൂഡൽഹി: നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കുമെന്ന് സൂചന നൽകി റിപ്പോര്‍ട്ടുകള്‍. അടുത്തവർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മന്ത്രിസഭ അഴിച്ചുപണിക്കു ബി.ജെ.പി തയാറെടുക്കവെയാണ് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തത്.
സുരേഷ് ഗോപിയുടെ പേര് ചർച്ചകളിൽ സജീവമാണ്. അദ്ദേഹം മന്ത്രിയാകുമെന്ന് കഴിഞ്ഞവർഷവും അഭ്യൂഹമുണ്ടായിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപി തൃശൂർ ലോക്സഭാ സീറ്റിൽ മത്സരിക്കുന്നത് വിജയസാധ്യത കൂട്ടുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് പുനസംഘടന ഉടന്‍ ഉണ്ടാകുമെന്ന സൂചന ശക്തമായത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.
യോഗത്തിലെ ജെ.പി നഡ്ഡയുടെ സാന്നിധ്യമാണ് പാര്‍ട്ടിയിലും പുനസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിമാരില്‍ ചിലരെ പാര്‍ട്ടി ചുമതലകളിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. അതിനിടെയാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്. സംസ്ഥാന നേതൃത്വങ്ങളിലടക്കം മാറ്റമുണ്ടായേക്കുമെന്ന സൂചനയുമുണ്ട്.
സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം ആറിനു ഗുവാഹത്തിയിലും ഏഴിനു ഡൽഹിയിലും എട്ടിനു ഹൈദരാബാദിലും പാർട്ടി നേതൃയോഗം ചേരും. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന എ.കെ.ആന്‍റണിയുടെ മകൻ അനിൽ ആന്റണിക്ക് ദേശീയതലത്തിൽ സംഘടനാ പദവി നൽകുന്നതും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.