‘താങ്കൾ എന്നിൽ കാണിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും നന്ദി, ഞാൻ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും’; സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ
text_fieldsഅന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ. കഴിഞ്ഞ ദിവസമാണ് സിദ്ദിഖിന്‍റെ കൊച്ചി കാക്കനാടുള്ള കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ സൂര്യ എത്തിയത്. സിദ്ദിഖിന്‍റെ കുടുംബത്തോടൊപ്പം കുറച്ചധികം സമയവും ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. നിർമാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പമുണ്ടായിരുന്നു.
മലയാളത്തിലെ ഫ്രണ്ട്സ് എന്ന ചിത്രം തമിഴിലേക്ക് റിമേക്ക് ചെയ്തപ്പോൾ അതിൽ സൂര്യയും അഭിനയിച്ചിരുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഫ്രണ്ട്സ്.സിദ്ദിഖുമായുള്ള ആത്മബന്ധത്തെ കുറിച്ചും തന്റെ കരിയറിൽ സിദ്ദിഖ് ചെലുത്തിയ സ്വാധീനത്തെ കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പിൽ സൂര്യ പറയുന്നു.
സിദ്ദിഖിന്‍റെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചിരുന്നു. പല കാരണങ്ങളാൽ തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഫ്രണ്ട്സ് എന്ന ചിത്രമെന്നും സൂര്യ കുറിച്ചിരുന്നു. “ഓർമ്മകൾ മനസ്സിന്റെ ഭാരം കൂട്ടുന്നു. സിദ്ദിഖ് സാറിന്റെ നഷ്ടം നികത്താനാവാത്തതാണ്. കുടുംബത്തിനും സുഹൃത്തിനും അനുശോചനങ്ങൾ അറിയിക്കുന്നു. ഈ വേദനയിൽ ഞാനും നിങ്ങൾക്കൊപ്പം നിൽക്കുന്നു. ഫ്രണ്ട്സ് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രമായിരുന്നു, പല രീതിയിൽ. നമ്മൾ ഒരു സീനിൽ ചെറിയ രീതിയിൽ ഇംപ്രൂവ് ചെയ്താൽ പോലും അതിനെ പ്രകീർത്തിക്കാനും പ്രശംസിക്കാനും എപ്പോഴും തയ്യാറായ ആളായിരുന്നു സിദ്ദിഖ് സാർ. എന്റെ പെർഫോമൻസിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ നിരുപാധികമായ സ്നേഹത്തോടെ എന്നോട് പറഞ്ഞിട്ടുണ്ട്. ഫിലിം മേക്കിങ് എന്ന പ്രക്രിയയെ ആസ്വദിക്കാൻ എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ചിരിയോടെ സമീപിക്കാനും അമിതമായ ഗൗരവത്തോടെ എടുക്കേണ്ടെന്നും.
ഫ്രണ്ട്സ് എന്ന സിനിമ ചെയ്യുമ്പോൾ അദ്ദേഹം വളരെ അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ അദ്ദേഹം ഞങ്ങളെ എല്ലാവരെയും ഒരുപോലെയാണ് കണ്ടത്. സെറ്റിൽ ആരും ശബ്ദം ഉയർത്തുകയോ ദേഷ്യപ്പെടുകയോ ചെയ്തില്ല. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള അനുഭവങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. എന്‍റെ കഴിവിൽ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. ഞാൻ അദ്ദേഹത്തെ കാണുമ്പോഴെല്ലാം എന്‍റെ കുടുംബത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും അദ്ദേഹം എന്നോട് ചോദിക്കാറുണ്ടായിരുന്നു.
ഒരു നടനെന്ന രീതിയിൽ ഞാൻ രൂപപ്പെട്ടുവരുന്ന ആ കാലത്ത് താങ്കൾ എന്നിൽ കാണിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും നന്ദി. ഞാൻ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങൾ അടുത്തില്ലാതെയാവുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ആ വേദനയെ മറികടക്കാൻ നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സാധിക്കട്ടെ. നിങ്ങൾ പകർന്ന ഓർമകളും സ്നേഹവും മുന്നോട്ടുള്ള യാത്രയിലും ഞങ്ങൾക്കൊപ്പമുണ്ടാവും,” സൂര്യയുടെ വാക്കുകൾ ഇങ്ങനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.