Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടൻ ടി.പി. മാധവൻ...

നടൻ ടി.പി. മാധവൻ അന്തരിച്ചു

text_fields
bookmark_border
Actor TP Madhavan
cancel

കൊല്ലം: നടനും നിർമാതാവുമായ ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പാണ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉദരസംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു.

മലയാള ചലച്ചിത്ര താരസംഘടനായ 'അമ്മ'യുടെ സ്ഥാപകാംഗമായ മാധവൻ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. 1994 മുതൽ 1997 വരെ ജനറൽ സെക്രട്ടറിയായും 2000 മുതൽ 2006 വരെ ജോയിന്‍റ് സെക്രട്ടറിയായും പ്രവർത്തിച്ചു. വർഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു താമസം. സിനിമയിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ മാധവന് അവിടെവച്ച് പക്ഷാഘാതം ഉണ്ടായതോടെയാണ് ഗാന്ധിഭവനിലെത്തിയത്.

1975ൽ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, സന്ദേശം, വിയറ്റ്നാം കോളനി, നരസിംഹം, യാത്രക്കാരുടെ ശ്രദ്ധക്ക്, താണ്ഡവം, ലേലം, പുലിവാൽ കല്യാണം, അനന്തഭദ്രം അടക്കമുള്ളവയാണ് മാധവൻ അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ. അറുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച ടി.പി. മാധവൻ ശാരീരിക അവശതകളെ തുടർന്ന് 2016ൽ സിനിമാഭിനയ രംഗത്ത് നിന്ന് വിരമിച്ചു. 30ലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

കേരള സർവകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എൻ.പി. പിള്ളയുടെ മകനായ മാധവൻ 1935 നവംബർ 7ന് തിരുവനന്തപുരം വഴുതക്കാടാണ് ജനിച്ചത്. സോഷ്യോളജിയിൽ എം.എ ബിരുദധാരിയായ അദ്ദേഹം 1960 മുതൽ ഇന്ത്യന്‍ എക്‌സ്പ്രസ്, കേരളകൗമുദി എന്നീ പത്രങ്ങളിൽ സബ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ തന്നെ പാട്ടിലും അഭിനയത്തിലും അതീവ തൽപരനായിരുന്ന ടി.പി തന്റെ കര്‍മമേഖലകളായിരുന്ന ബോംബൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലെയെല്ലാം മലയാളി സംഘടനകളിലെ പ്രധാന ആകര്‍ഷണമായിരുന്നു. കൊല്‍ക്കത്തയില്‍ വെച്ച് നടന്‍ മധുവുമായി പരിചയപ്പെട്ടത് ചലച്ചിത്ര മേഖലയിലേക്കുള്ള വഴിയൊരുക്കി.

ആശുപത്രി മോർച്ച‍റിയിൽ സൂക്ഷിക്കുന്ന ടി.പി. മാധവന്‍റെ ഭൗതികശരീരം നാളെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിക്കും. തുടർന്ന് വൈകിട്ടോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryTP MadhavanActor
News Summary - Actor T.P. Madhavan passed away
Next Story