മലയാള സിനിമയിലെ മുത്തച്ഛൻ ഇനി സ്മൃതിപഥങ്ങളിൽ
text_fieldsപയ്യന്നൂർ: ജീവിത സായന്തനത്തിൽ വെള്ളിത്തിരയിലെത്തി അഭിനയത്തിെൻറ ധന്യസൗന്ദര്യം ആസ്വാദകനു പകർന്നുനൽകിയ ചലച്ചിത്ര ലോകത്തിെൻറ മുത്തച്ഛൻ ഇനി ഓർമ. കോറോം പുല്ലേരി വാധ്യാർ ഇല്ലപ്പറമ്പിലെ തറവാട്ട് ശ്മശാനത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഭൗതികശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയത്.
ഇടതുപക്ഷ പ്രസ്ഥാനത്തോട് മരണംവരെ ചേർന്നുനിന്ന സഖാവിെൻറ സംസ്കാര ചടങ്ങ് പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ടുതന്നെയാണ് നടന്നത്. ജീവിതത്തിൽ വിശ്വാസവും കമ്യൂണിസവും സമന്വയിപ്പിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അന്ത്യയാത്രയും സമാനരീതിയിലായത് സ്വാഭാവികം. മൂത്തമകൻ ഭവദാസൻ നമ്പൂതിരിയാണ് ചിതക്ക് തീകൊളുത്തിയത്.
രാവിലെ എട്ടുമണിക്ക് മകൻ ഭവദാസൻ നമ്പൂതിരിയുടെ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം 11 മണിയോടെ തൊട്ടടുത്ത തറവാട്ടു വീട്ടിലേക്ക് മാറ്റി. ഇവിടെ കർമങ്ങൾ പൂർത്തിയാക്കിയാണ് ഇല്ലപ്പറമ്പിലെ തറവാട്ടു ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. രാവിലെ മുതൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിരവധി പേർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
മുഖ്യമന്ത്രിക്കുവേണ്ടി തളിപ്പറമ്പ് ആര്.ഡി.ഒ സൈമണ്‍ ഫെര്‍ണാണ്ടസ്, കേരള സര്‍ക്കാറിനുവേണ്ടി പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ. ബാലഗോപാല്‍, ഹൈകോടതിക്കും ജില്ല കോടതിക്കും വേണ്ടി കണ്ണൂര്‍ കുടുംബ കോടതി ജഡ്ജി എന്‍.ആര്. കൃഷ്ണകുമാര്‍, എം.എ.സി.ടി ജഡ്ജി കെ.പി. തങ്കച്ചന്, അഡീഷനല്‍ ജില്ല ജഡ്ജി സിജി ഖോഷി, ജില്ല ജഡ്ജി സി. സുരേഷ് കുമാര്‍, കണ്ണൂര്‍ സബ് ജഡ്ജി നൗഷാദ് അലി, തലശ്ശേരി സബ് ജഡ്ജി രാമു രമേശ്, കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് രാജീവ് വാച്ചാല്, കണ്ണൂര്‍ മജിസ്ട്രേറ്റ് രുഗ്മ, കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് കെ. കമലിനുവേണ്ടി പി. പ്രേമചന്ദ്രന്, സി.പി.എം ജില്ല കമ്മിറ്റിക്കുവേണ്ടി പി. ജയരാജന്, ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.ഐ. മധുസൂദനന്, കെ. കുഞ്ഞിരാമന്, സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍, എം.പി രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഡി.കെ. ഗോപിനാഥ്, അമ്മ സംഘടനക്കുവേണ്ടി ഗിരീഷ് കുന്നുമ്മല്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുവേണ്ടി സംവിധായകന് എം.ടി. അന്നൂര്‍, പയ്യന്നൂര്‍ നഗരസഭക്കുവേണ്ടി വൈസ് ചെയര്മാന് പി.വി. കുഞ്ഞപ്പന് തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് 98 വയസ്സുള്ള ഉണ്ണികൃഷ്ണൻ നമ്പൂതിരി പയ്യന്നൂർ സഹകരണ ആശുപത്രിയിൽ അന്തരിച്ചത്. കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നെഗറ്റിവായി വീട്ടിലെത്തി വിശ്രമിക്കവേ ശ്വാസതടസ്സം നേരിടുകയായിരുന്നു. സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.