നടൻ വിജയൻ കാരന്തൂരിനുവേണം കൈത്താങ്ങ്
text_fieldsകുന്ദമംഗലം: നിരവധി സിനിമയിൽ ചെറുതും വലതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നാടക-സീരിയൽ മേഖലകളിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തുകയും ചെയ്ത കലാകാരൻ വിജയൻ കാരന്തൂർ ഗുരുതര കരൾരോഗം പിടിപെട്ടു ചികിത്സയിലാണ്.
അഞ്ചുവർഷമായി തുടരുന്ന രോഗം കഴിഞ്ഞ മൂന്നുമാസമായി മൂർധന്യാവസ്ഥയിലാണ്. കരൾ മാറ്റിവെക്കുകയാണ് മുന്നിലുള്ള ഏക മാർഗം. അത് കുറഞ്ഞ ദിവസങ്ങൾക്കകം നടത്തുകയും വേണം. ഇതിനകം വലിയൊരു സംഖ്യ ചികിത്സക്കുവേണ്ടി ചെലവുവന്നിട്ടുണ്ട്.
കരൾ മാറ്റി വെക്കുന്നതിനും പരിശോധനക്കും തുടർചികിത്സക്കും 50 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ കരൾ ദാതാവിനെ കണ്ടെത്തുകയും വേണം. കുന്ദമംഗലത്തും പരിസരത്തുമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക കലാ സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കമ്മിറ്റി ചെയർമാൻ കുന്ദമംഗലം എം.എൽ.എ അഡ്വ. പി.ടി.എ. റഹീമാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ കൺവീനറും ടി.പി. സുരേഷ് ട്രഷററുമാണ്. എം.കെ. രാഘവൻ എം.പി, കോഴിക്കോട് ജില്ല പഞ്ചായത്ത് മെംബർ എം. ധനീഷ് ലാൽ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഖാലിദ് കിളിമുണ്ട എന്നിവർ രക്ഷാധികാരികളും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, മുൻ എം.എൽ.എ യു.സി. രാമൻ എന്നിവർ വൈസ് ചെയർമാന്മാരുമാണ്.
നിരവധി നാടകങ്ങളിലും പ്രവർത്തിച്ച വിജയൻ കാരന്തൂർ നടനെന്നതിലുപരി സംവിധായകൻ, പരിശീലകൻ തുടങ്ങിയ വിവിധ മേഖലകളിൽ അനുഭവസമ്പത്തുള്ള കലാകാരനാണ്. അസുഖമുണ്ടെങ്കിലും അഭിനയ മേഖലയിൽ സജീവമായി മുന്നോട്ടുപോകുമ്പോഴാണ് മൂന്നുമാസംമുമ്പ് ന്യൂമോണിയ പിടിപെട്ടത്.
തുടർന്ന് രണ്ടാം തവണ കോവിഡ് പിടിപെടുകയും ചെയ്തതോടെ അസുഖം മൂർച്ഛിച്ചു. മൂന്നുമാസം മുമ്പ് സംവിധായകൻ പ്രിയദർശന്റെ 'ഓളവും തീരവും' എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. എട്ടോളം പടങ്ങൾ റിലീസാകാനുണ്ട്.
ഇതിൽ ഇദ്ദേഹത്തിന്റെ മുഴുവൻ വർക്കുകളും പൂർത്തിയായതാണ്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, മായാവി, രാജമാണിക്യം, സാൾട്ട് ആൻഡ് പെപ്പർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. സഹായത്തിനായി തുക അയക്കേണ്ട അക്കൗണ്ട് നമ്പർ : 110074549282 (കനറാ ബാങ്ക്, കുന്ദമംഗലം ബ്രാഞ്ച്) IFSC: CNRB0014411. Ph: 9847535820.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.