വിചാരണ കോടതി മാറ്റണമെന്ന് അക്രമത്തിനിരയായ നടിയുടെ ഹരജി
text_fieldsകൊച്ചി: ആക്രമിച്ച് അശ്ലീല വിഡിയോ പകർത്തിയ കേസിെൻറ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ യുവനടി ഹൈകോടതിയിൽ ഹരജി നൽകി. എറണാകുളം സി.ബി.ഐ കോടതിയിൽ നടക്കുന്ന വിചാരണയിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ജസ്റ്റിസ് വി.ജി. അരുൺ ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ഹരജിയിൽ പറയുന്നു.
2017 ഫെബ്രുവരി 17 നാണ് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് ഷൂട്ടിങ്ങിനായി വന്ന നടിയെ ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ള പ്രതികൾ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നടൻ ദിലീപടക്കം അറസ്റ്റിലായി. പിന്നീട് ദിലീപിന് ഹൈകോടതി ജാമ്യം അനുവദിച്ചു. എന്നാൽ, കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ ദിലീപിെൻറ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ അപേക്ഷ ഇനിയും തീർപ്പാക്കിയിട്ടില്ലെന്ന് ഹരജിയിൽപറയുന്നു.
ഫോറൻസിക് പരിശോധന റിപ്പോർട്ട് പ്രോസിക്യൂഷനെ കേൾക്കാതെ ദിലീപിനു കൈമാറി. കേസിൽ കോടതിക്ക് ലഭിച്ച അജ്ഞാത കത്തിെൻറ പേരിൽ പ്രോസിക്യൂട്ടറെയും അന്വേഷണ ഏജൻസിയെയും കോടതി വിമർശിച്ചു. ചീഫ് ജസ്റ്റിസിനുള്ള കത്തിൽ ഔദ്യോഗിക മുദ്രയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. അടിസ്ഥാന രഹിതമായ വിമർശനങ്ങളാണ് കോടതി നടത്തിയത്. വിചാരണ വേളയിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാൻ കോടതി തയാറായില്ല. രഹസ്യ വിചാരണയുടെ ഉദ്ദേശ്യം തന്നെ ഇതിലൂടെ നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.