പള്‍സര്‍ സുനിയുടെ സിം കാര്‍ഡ്: മുഖ്യപ്രതിയും അറസ്റ്റിൽ
text_fieldsകോട്ടയം: യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തു നല്കിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. കോട്ടയം തിരുനക്കര ചിറയില്പാടത്ത് പുതിയാപറമ്പില്‍ കെ.ജി. മാര്‍ട്ടിനെയാണ് (52) ശനിയാഴ്ച രാവിലെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് മാര്ട്ടിന്. കേസിലെ രണ്ടാം പ്രതി പാലാ ചെത്തിമറ്റം കാനാട്ട് മോന്‍സി സ്കറിയ (46), മൂന്നാം പ്രതി ആലപ്പുഴ സ്വദേശിനിയും എറണാകുളം ഇളകുളം ഉഷസ്സില്‍ വാടകക്ക് താമസിക്കുന്നതുമായ ഷൈനി തോമസ് (35) എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ശനിയാഴ്ച റിമാന്‍ഡ് ചെയ്തു.
പള്‍സര്‍ സുനി ഉപയോഗിച്ച സിം കാര്‍ഡുകളില്‍ ഒരെണ്ണം കോട്ടയം സ്വദേശിയുടേതാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് പ്രതികൾ കുടുങ്ങിയത്. കോട്ടയം കാഞ്ഞിരം സ്വദേശി ദീപക് തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം മാര്‍ട്ടിെൻറ ഉടമസ്ഥതയിലുള്ള സ്റ്റെല്ല േപ്ലസ്മെൻറ് ജോബ് കണ്‍സള്‍ട്ടന്‍സിയില്‍ ആറു മാസം മുമ്പ് നല്കിയ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡാണ് സുനിയുടെ കൈവശമെത്തിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഇവര്‍ സിം കാര്‍ഡ് എടുത്തത്.
തിരുനക്കര ബസ്സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍നിന്നാണ് ഇത് സംഘടിപ്പിച്ചത്. ഷൈനിയുടെ അടുത്ത സുഹൃത്തായ സുനി ഒന്നരമാസം മുമ്പ് ഇവരില്‍നിന്ന് സിം കാര്‍ഡ് വാങ്ങുകയായിരുന്നു. നടിയെ തട്ടിക്കൊണ്ടു പോകാനടക്കമുള്ള ആവശ്യങ്ങള്‍ക്കായി മൂന്നുമാസം മുമ്പുതന്നെ സിം കാര്‍ഡ് സുനിയുടെ കൈവശമുണ്ടായിരുന്നു. വ്യാജരേഖ ചമച്ചതിനും ഗൂഢാലോചനക്കുമാണ് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തത്. ജില്ല പൊലീസ് ചീഫ് എന്‍. രാമചന്ദ്രെൻറ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
2014ല്‍ പാലായിലെ ജ്വല്ലറിയില്‍ സ്വര്‍ണം കൊടുത്ത പണവുമായി ബസില്‍ പോകുകയായിരുന്ന മാര്‍വാഡിയുടെ മുഖത്ത് കുരുമുളകുപൊടി സ്പ്രേ ചെയ്ത് പണം തട്ടിയ കേസിലും സുനിക്കെതിരെ കിടങ്ങൂര്‍ സ്റ്റേഷില്‍ കേസുണ്ട്. കേസ് ഇപ്പോള്‍ ഏറ്റുമാനൂര്‍ കോടതിയില്‍ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.