മൂന്നു നാലു ദിവസം രാത്രി ഹോട്ടൽ മുറിയിലെ വാതിലിൽ മുട്ടി വിളിച്ചു; തുളസീദാസിനെതിരെ നടി
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമയിലെ പല താരങ്ങളുടെയും സംവിധായകരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴുകയാണ്. 2006ൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മറ്റൊരു നടി കൂടി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ. നടി ശ്രീദേവികയാണ് സംവിധായകൻ തുളസീദാസിനെതിരെ ആരോപണമുന്നയിച്ചത്. 2006ൽ 'അവൻ ചാണ്ടിയുടെ മകൻ' എന്ന സിനിമയുടെ സെറ്റിൽവെച്ച് തനിക്ക് ദുരനുഭവമുണ്ടായെന്നാണ് നടിയുടെ തുറന്നുപറച്ചിൽ.
ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വാതിലിൽ തുളസീദാസ് മുട്ടിവിളിച്ചുവെന്നാണ് ആരോപണം. മൂന്നു നാലു ദിവസം ഇത് തുടർന്നു. ശല്യം സഹിക്കാനാകാതെ ആരാണെന്നറിയാൻ റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്ന് അറിഞ്ഞു. ആ സിനിമയുടെ സംവിധായകൻ തുളസീദാസ് ആയിരുന്നു. തുടർന്ന് നടിയുടെ അമ്മ സഹനടനോട് സംഭവം പറഞ്ഞതിനെ തുടർന്ന് താമസം മറ്റൊരു മുറിയിലേക്ക് മാറുകയായിരുന്നുവെന്നും നടി പറഞ്ഞു. സെറ്റിലടക്കം സംവിധായകൻ വളരെ മോശമായി പെരുമാറി. ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കിയെന്നും പരാതിയിലുണ്ട്. ഇതെ കുറിച്ച് എ.എം.എം.എക്ക് പരാതി നൽകിയിട്ടും ഒരു കാര്യവുമുണ്ടായില്ലെന്നും നടി ആരോപിച്ചു.
പാർഥൻ കണ്ട പരലോകം, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, റെഡ് സല്യൂട്ട്, ചെമ്പട കേരള ഹൗസ് ഉടൻ വിൽപനക്ക്, മഞ്ചാടിക്കുരു, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് നടി ശ്രീദേവിക.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എ.എം.എം.എയിൽ ഭിന്നത രൂക്ഷമായിരുന്നു. നേതൃത്വത്തിനെതിരെ നിരവധി താരങ്ങളാണ് രംഗത്തുവന്നിരിക്കുന്നത്. പുതിയ ജനറൽ സെക്രട്ടറിയായി വനിതയെ നിയമിക്കണമെന്നാണ് പ്രധാന ആവശ്യം. ചിലർ ജഗദീഷിന്റെ പേരും മുന്നോട്ടു വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.