നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ സുഹൃത്ത് വി.ഐ.പി ശരത്തിനെ ചോദ്യം ചെയ്യുന്നു
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വി.ഐ.പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ശരത്തിനെ ചോദ്യംചെയ്യുന്നത്.
നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യം കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കൈമാറിയ വി.ഐ.പി ദിലീപിന്‍റെ അടുത്ത സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ-ട്രാവൽസ് ഉടമ ശരത്ത് ജി. നായരാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളുകളാണ് അന്വേഷണ സംഘത്തെ ശരത്തിലേക്ക് എത്തിച്ചത്. ശരത് ഒളിവിലാണെന്നായിരുന്നു ഇതുവരെ ലഭിച്ച വിവരം. വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം രണ്ട് തവണ ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ ഹാജരായിരുന്നില്ല.
നിലവില്‍ ശരത്ത് ഗൂഢാലോചന കേസില്‍ പ്രതിയല്ല. ആറ് പ്രതികളുള്ള കേസില്‍ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയില്‍ ആയിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വി.ഐ.പിയെ പ്രതിചേര്‍ത്തത്. എന്നാല്‍ പിന്നീട് വി.ഐ.പി ശരത് ആണെന്ന് ബാലചന്ദ്രകുമാര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്.ആലുവ പൊലീസ് ക്ലബിലാണ് ദിലീപിന്റെ ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായത്. എഡിജിപിയുടെ നേതൃത്വത്തില്‍ തന്നെയാകും ചോദ്യം ചെയ്യല്‍. പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങളാണ് ഇന്നും ചോദിക്കുന്നത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുള്ളത്. എന്നാൽ ഭൂരിഭാഗം ചോദ്യങ്ങൾക്കും ദിലീപ് വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.