നടിയെ ആക്രമിച്ച കേസ്: കോടതിയിൽ നടക്കുന്നത് നാടകം -ഭാഗ്യലക്ഷ്മി
text_fieldsതൃശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ ഇപ്പോൾ നടക്കുന്നത് നാടകമാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതികൾ ആദ്യമേ വിധി എഴുതി വെച്ചിരിക്കുകയാണ്. വിധി തയാറാണ്. പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേ അറിയേണ്ടതുള്ളൂ. കോടതിയിൽ ബാക്കി എല്ലാം കഴിഞ്ഞു. ഇപ്പോൾ നടക്കുന്നത് നാടകമാണ് -ഭാഗ്യലക്ഷ്മി പറഞ്ഞു.
ഹരജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അപമാനിക്കപ്പെടുകയാണ്. എന്താണ് പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോട് ഒരു നീതി, സാധാരണക്കാരനോട് വേറൊരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം നിരസിച്ച് ഹൈകോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ കാലാവധി നീട്ടണമെന്ന ക്രൈംബ്രാഞ്ച് ഹരജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. നേരത്തെ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നുകാട്ടി അതിജീവിത നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്തിനെ മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നു. അന്ന് ജഡ്ജി ഹരജി പിൻവലിക്കുന്നതിൽ നിന്നും സ്വയം പിൻവലിയുകയായിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്നു ചോർന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയിൽ ജഡ്ജി കൗസർ എടപ്പഗത്തായിരുന്നു കേസ് പരിഗണിച്ചത്. പിന്നീടു ഹൈക്കോടതി ജസ്റ്റിസ് പദവിയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് തന്റെ ഹർജിയിൽ നിന്നു പിൻമാറണമെന്ന ആവശ്യം അതിജീവിത ഉയർത്തിയത്. എന്നാൽ, ആവശ്യം ഹൈകോടതി തള്ളുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ പരിധി നിശ്ചയിച്ചതും പിന്നീട് സമയം നീട്ടി നൽകിയതും താനാണെന്നും അതുകൊണ്ട് കേസിൽ തുടർന്നും വാദം കേൾക്കണ്ടതും താനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിതയുടെ ആവശ്യം ജഡ്ജി തള്ളിയത്. അതേസമയം, അതിജീവിതക്കൊപ്പമാണെന്ന് നിലപാട് കോടതിയിൽ സംസ്ഥാന സർക്കാർ ആവർത്തിച്ചു. അതിജീവിതയുടെ ആവശ്യങ്ങളോട് എതിർപ്പില്ല. കോടതിമേൽനോട്ടത്തിൽ കേസിൽ അന്വേഷണം നടത്തുന്നതിലും വിരോധമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.