നടി ആക്രമണക്കേസ്: ദൃശ്യങ്ങൾ കണ്ടാലും ഹാഷ് വാല്യുവിൽ മാറ്റം വരുമെന്ന് ഫോറൻസിക് വിദഗ്ധ
text_fieldsകൊച്ചി: മെമ്മറി കാർഡിൽനിന്ന് എന്തെങ്കിലും ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ പകർത്തുകയോ ചെയ്താൽ മാത്രമല്ല, ദൃശ്യങ്ങൾ കണ്ടാലും ഹാഷ് വാല്യുവിൽ മാറ്റം വരുമെന്ന് ഫോറൻസിക് വിദഗ്ധ ഹൈകോടതിയിൽ. ഫയലിൽ കൃത്രിമം നടത്തിയാലും ഹാഷ് വാല്യൂ മാറുമെന്നും തിരുവനന്തപുരം ഫോറൻസിക് ലാബ് അസി. ഡയറക്ടർ ദീപ അറിയിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹരജി പരിഗണിക്കവെയാണ് ഫോറൻസിക് വിദഗ്ധ ഓൺലൈൻ മുഖേന ഹൈകോടതിയിൽ ഇക്കാര്യങ്ങൾ അറിയിച്ചത്. ഹാഷ് വാല്യൂ സംബന്ധിച്ച വിവരങ്ങൾ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചറിഞ്ഞു. അതേസമയം, മെമ്മറി കാർഡ് പരിശോധന കേന്ദ്ര ഫോറൻസിക് ലാബിൽ നടത്തുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയക്കണമെന്ന ആവശ്യം കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷനാണ് വിദഗ്ധ അഭിപ്രായം ആരായണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ഫോറൻസിക് പരിശോധനക്ക് അയക്കണമെന്ന ആവശ്യം വിശദീകരിക്കുന്ന രേഖ കോടതിക്ക് കൈമാറുകയും ചെയ്തു.
ഹാഷ് വാല്യൂവിൽ മാറ്റം ഉണ്ടായത് എന്നാണെന്നും ഇതിന്‍റെ പരിണിതഫലമെന്തെന്നും അറിയുന്നതിനപ്പുറം ലക്ഷ്യങ്ങളൊന്നും പരിശോധനയുമായി ബന്ധപ്പെട്ട് ഇല്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. ഹാഷ് വാല്യൂവിലുണ്ടായ മാറ്റത്തെക്കുറിച്ച വിശദീകരണത്തിന് പരിശോധന അനിവാര്യമാണ്. അല്ലാത്തപക്ഷം ഇക്കാര്യം വിചാരണവേളയിലും തുടർന്നും പ്രതികൾ ഉപയോഗിക്കും. മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തെന്നാണ് ഹാഷ് വാല്യൂ മാറ്റത്തിലൂടെ വ്യക്തമാകുന്നതെന്നും ഇക്കാര്യം പരിശോധിച്ച് തെളിവ് നശിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഡി.ജി.പി പറഞ്ഞു.
എന്നാൽ, ഗൂഢലക്ഷ്യത്തോടെയാണ് മെമ്മറി കാർഡ് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നതെന്ന് നടൻ ദിലീപിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചു. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണിത്. കോടതിയുടെ കൈവശം സൂക്ഷിക്കുന്ന മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂവിൽ മാറ്റം വന്നാൽ പ്രതികൾ ഉത്തരവാദികളല്ല.
കോടതിയിലിരിക്കുന്ന മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂവിൽ എന്നാണ് മാറ്റം വന്നതെന്ന് നിലവിലെ റിപ്പോർട്ടിൽതന്നെ വ്യക്തമാണെന്നിരിക്കെ ഈ ആവശ്യത്തിന് വീണ്ടും പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടർന്ന്, ഹരജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.