നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേഗത്തിലാക്കണം –വിചാരണക്കോടതി
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണം വേഗത്തിലാക്കണമെന്ന് വിചാരണക്കോടതി. വെള്ളിയാഴ്ച വിചാരണ നടപടികൾക്കായി കേസ് പരിഗണിച്ചപ്പോഴാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ഈ നിർദേശം നൽകിയത്.
അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹരജി തള്ളിയിരുന്നു. തുടരന്വേഷണത്തിന്റെ വിശദാംശങ്ങൾ, പൂർത്തിയാക്കാൻ ആവശ്യമായ ഏകദേശ സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാനും നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 16നകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.
വെള്ളിയാഴ്ച കോടതി രണ്ട് പ്രോസിക്യൂഷൻ സാക്ഷികളെ തിരിച്ചുവിളിക്കുകയും വിസ്തരിക്കുകയും ചെയ്തു. ഒന്നും രണ്ടും പ്രതികളായ പൾസർ സുനി എന്ന സുനിൽകുമാർ, മാർട്ടിൻ ആൻറണി എന്നിവരെ വിഡിയോ കോൺഫറൻസ് വഴി വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. മറ്റൊരു സാക്ഷിയായ 'സി.ഡബ്ല്യു 364' എവിടെയാണെന്ന് അറിയില്ലെന്നും സമൻസ് നൽകാനായില്ലെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഇതേതുടർന്ന് സാക്ഷിക്ക് റൂറൽ എസ്.പി വഴി വീണ്ടും സമൻസ് അയക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേസ് ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും.
വിചാരണ അന്തിമഘട്ടത്തിൽ എന്ന് സർക്കാർ
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും രണ്ട് പ്രോസിക്യൂഷന് സാക്ഷികളെ മാത്രമാണ് ഇനി വിസ്തരിക്കാന്‍ ബാക്കിയുള്ളതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രണ്ടാം പ്രതി മാര്ട്ടിന് ആന്റണിയുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
അഞ്ച് സാക്ഷികളെ പുതുതായി വിസ്തരിക്കാന്‍ ഹൈകോടതിയുടെ അനുമതി ലഭിച്ചിരുന്നു. ഇതില്‍ മൂന്നുപേരുടെ വിസ്താരം പൂര്‍ത്തിയായി. ഫെബ്രുവരി 15 നകം വിചാരണ നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. അതിനാല്‍ മാര്ട്ടിന് ആന്റണിക്ക് ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. വിചാരണ നടപടികള്‍ 15നകം പൂര്‍ത്തിയായില്ല എങ്കില്‍ ഫെബ്രുവരി അവസാന വാരം ജാമ്യ ഹരജി പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, എ.എസ്. ഓക് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.