നടി ആക്രമണ കേസ്: ബൈജു കൊട്ടാരക്കര മാപ്പ് പറയണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ചാനൽ പരിപാടിക്കിടെ നടി ആക്രമണ കേസിലെ വിചാരണ കോടതി ജഡ്‌ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ സംവിധായകൻ ബൈജു കൊട്ടരക്കര കുറ്റം സമ്മതിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ഹൈകോടതി.
ബൈജുവിനെതിരെ ഹൈകോടതി സ്വമേധയ സ്വീകരിച്ച കോടതിയലക്ഷ്യ ഹരജി ചൊവ്വാഴ്ച പരിഗണിക്കവേ ചാനലിലൂടെ തന്നെ മാപ്പു പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കുറ്റം സമ്മതിക്കാതെയുള്ള മാപ്പപേക്ഷ സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ബൈജു മാപ്പ് പറഞ്ഞശേഷം ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ട കോടതി ഹരജി വീണ്ടും നവംബർ 15ന് പരിഗണിക്കാനായി മാറ്റി. കോടതി നിർദേശത്തെ തുടർന്ന് ബൈജു കൊട്ടാരക്കര നേരിട്ട് ഹാജരായിരുന്നു. ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം അനാവശ്യ പരാമർശങ്ങളിലൂടെ തകർക്കരുതെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ചാനൽ ചർച്ചകൾക്കോ അഭിപ്രായ പ്രകടനങ്ങൾക്കോ കോടതി എതിരല്ല. എന്നാൽ, അനാവശ്യമായി കോടതികളെ ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴക്കരുത്. കോടതിയാണ് അവസാനത്തെ ആശ്രയമെന്ന് പറയുമെങ്കിലും പിന്നീട് കോടതികളെ പരസ്യമായി അപമാനിക്കുകയും ചെയ്യും. ഇത്തരം പ്രവൃത്തികൾ മൂലം കോടതികളിൽ പൊതുസമൂഹത്തിനുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, അടുത്തതവണ ചാനൽ ചർച്ചയിൽ പരസ്യമായി മാപ്പു പറഞ്ഞിട്ട് അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാനാണ് കോടതിയുടെ നിർദേശം. ഈ പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും സത്യവാങ്മൂലം നൽകുന്നതുവരെ ബൈജു നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.