നടിയെ ആക്രമിച്ച കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹരജി 14ന് പരിഗണിക്കും
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി എറണാകുളം അഡീഷനൽ സെഷൻസ് കോടതി ഈമാസം 14ന് പരിഗണിക്കും. ചൊവ്വാഴ്ച വാദം കേട്ട കോടതി തുടർ വാദത്തിനായി കേസ് മാറ്റി. അതിനിടെ, സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വോയ്‌സ് ക്ലിപ് ഹാജരാക്കുമെന്ന് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കോടതിയെ തെറ്റിദ്ധരിപ്പിക്കാനും നടനെതിരെ കള്ളക്കേസ് ചുമത്താനും തിരഞ്ഞെടുത്ത സന്ദേശങ്ങളും വോയ്‌സ് ക്ലിപ്പുകളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. ബാലചന്ദ്രകുമാർ ദിലീപിന് അയച്ച എട്ട് മിനിറ്റിലധികമുള്ള വോയ്‌സ് ക്ലിപ് ഉണ്ടെന്നും ഇത് ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ദിലീപിന്‍റെ അഭിഭാഷകൻ പറഞ്ഞു.
അതുപോലെ ദിലീപിനെ ഭീഷണിപ്പെടുത്താൻ എ.ഡി.ജി.പി ബി. സന്ധ്യയുമായി സംസാരിച്ചതായി വ്യക്തമാക്കുന്ന മൊബൈൽ സ്‌ക്രീൻഷോട്ട് ബാലചന്ദ്രകുമാർ അയച്ചിരുന്നു. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് തൃശൂരിൽ ജോലി ചെയ്തിരുന്ന സന്ധ്യയുടെ ഔദ്യോഗിക മൊബൈൽ നമ്പറായിരുന്നു അത്.
സിനിമ പ്രോജക്ടിനായി ബാലചന്ദ്രകുമാർ ദിലീപിൽനിന്ന് പണം വാങ്ങിയിരുന്നതായി അഭിഭാഷകൻ പറഞ്ഞു. 2014 മുതൽ സിനിമ സംവിധായകനെന്ന നിലയിൽ ദിലീപിന് ബാലചന്ദ്രകുമാറിനെ അറിയാം. എന്നാൽ, ഭീഷണി സന്ദേശങ്ങളെ തുടർന്ന് 2021 ഏപ്രിൽ മുതൽ ബാലചന്ദ്രകുമാറിന്റെ ഫോൺ നമ്പർ ദിലീപ് ബ്ലോക്ക് ചെയ്‌തു. ഈ വോയ്‌സ് ക്ലിപ്പുകളും കാൾ വിശദാംശങ്ങളും വേർപ്പെടുത്താനാണ് ദിലീപിന്റെ ഫോൺ മുംബൈയിലെ സ്വകാര്യ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചതെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
പെൻഡ്രൈവിൽ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നൽകിയ വോയ്‌സ് ക്ലിപ്പുകൾ കെട്ടിച്ചമച്ചതാണെന്നും അഭിഭാഷകൻ ആരോപിച്ചു. അതിനിടെ, വോയ്‌സ് ക്ലിപ്പുകൾ റെക്കോഡ് ചെയ്യാൻ ഏത് ഉപകരണമാണ് ഉപയോഗിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. വോയ്‌സ് ക്ലിപ്പുകൾ ഇപ്പോൾ നിലവിലില്ലാത്ത സാംസങ് ടാബ്‌ലെറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽ കുമാർ പറഞ്ഞു. വോയിസ് ക്ലിപ് പിന്നീട് ലാപ്‌ടോപ്പിലേക്ക് മാറ്റുകയും പിന്നീട് അത് പെൻഡ്രൈവിലേക്ക് മാറ്റുകയും ചെയ്തു. ഇതേ തുടർന്നാണ് ലാപ്‌ടോപ്പിന്‍റെ അവസ്ഥയെക്കുറിച്ച് കോടതി ചോദിച്ചത്. ലാപ്‌ടോപ് ഇപ്പോൾ ദിലീപിന്‍റെ ഭാര്യസഹോദരൻ സൂരജിന്‍റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈകോടതി കൂടുതൽ സമയം അനുവദിച്ച സാഹചര്യത്തിൽ ഇതിന്‍റെ വിചാരണ ജൂലൈ 16ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.