നടിയെ ആക്രമിച്ച കേസ്: സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ചിത്രങ്ങൾ പകർത്തിയ കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശൻ രാജിവെച്ചു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജികൾ ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് രാജി. ഏകപക്ഷീയമായി പ്രവർത്തിക്കുന്ന വിചാരണ കോടതിയിൽ തുടർന്നും കേസ് നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂട്ടർ ഇ-മെയിൽ വഴിയാണ് ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്.
തിങ്കളാഴ്ച എറണാകുളം അഡീഷനൽ സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് രാജി പുറത്തറിയുന്നത്. ഇനി മുതൽ കേസുമായി ബന്ധപ്പെട്ട് ഈ കോടതിയിൽ ഹാജരാവില്ലെന്ന് വ്യക്തമാക്കി മറ്റൊരു അഭിഭാഷകൻ വഴി കത്ത് നൽകി. പ്രോസിക്യൂട്ടർ അധികാരികൾക്ക് മുമ്പാകെ രാജി സമർപ്പിച്ചതായും തുടർ നടപടികളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും ബോധിപ്പിച്ചു.
2021 ഫെബ്രുവരി നാലിനകം കേസ് തീർക്കണമെന്ന് സുപ്രീംകോടതിയിൽനിന്ന് കർശന നിർദേശമുണ്ടെന്നും ഈ സാഹചര്യത്തിൽ വിചാരണ തുടരാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകി. അതിനിടെ, കേസുമായി ബന്ധപ്പെട്ട ആറ് ഹരജികൾ കോടതി തിങ്കളാഴ്ച പരിഗണിച്ചു. ഇവയെല്ലാം വ്യാഴാഴ്ചത്തേക്ക് മാറ്റി.
പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് ദിവസങ്ങളോളം വിചാരണ മുടങ്ങിയിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും വരെ വീണ്ടും വിചാരണ നീളുമെന്നാണ് സൂചന. കോടതി ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്നും ഇരക്ക് ഇവിടെനിന്നും നീതി കിട്ടില്ലെന്നും ചൂണ്ടിക്കാട്ടി വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടിയും പ്രോസിക്യൂട്ടറും ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.