സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ പ്രതിയാണ് -പ്രോസിക്യൂഷൻ
text_fieldsകൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജനുവരി ഒമ്പതിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ 10ന് രണ്ട് ജാമ്യ ഹരജികൾ നൽകുകയും അറസ്റ്റ് വിലക്കി ഇടക്കാല ഉത്തരവിടുകയും ചെയ്തതിനാൽ അന്വേഷണം ആരംഭിക്കുകപോലും ചെയ്യാത്ത സ്ഥിതിയിലാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
ലഭ്യമായ തെളിവുകൾ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയെന്ന് ബോധ്യപ്പെടുത്തുന്നതാണ്. പലയിടങ്ങളിലായി ഗൂഢാലോചന നടന്നിട്ടുണ്ട്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ വന്നയുടൻ പ്രതികൾ മൊബൈൽ ഫോണുകൾ ഒളിപ്പിക്കുകയും ഒഴിവാക്കുകയും ചെയ്തു. പ്രതികൾ കുറ്റകൃത്യം നടത്തിയതിന് തെളിവാണിത്. സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ പ്രതിയാണ്. ഈ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുക്കണം.
2013ൽ ദിലീപിനുണ്ടായ ശത്രുതയാണ് 2017ൽ നടിയെ ആക്രമിക്കുന്നതിൽ കലാശിച്ചത്. ആലുവ സ്വദേശിയായ വ്യവസായി സലീമിനോടുള്ള പകയും ഏറെക്കാലം കൊണ്ടു നടന്നു. പക കാലങ്ങളോളം സൂക്ഷിച്ച് നടപ്പാക്കുന്ന ശീലം വ്യക്തമാക്കുന്നതാണിത്. ഗുരുതര ആരോപണമാണ് പ്രതികൾക്കെതിരെയുള്ളത്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശേഷിയും മസിൽപവറും മണിപവറും പ്രതികൾക്കുണ്ട്. അന്വേഷണം ഫലപ്രദമാകാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. അറസ്റ്റ് തടഞ്ഞ് മൂന്നുദിവസം മാത്രം നിയന്ത്രിത ചോദ്യം ചെയ്യലിന് അനുവദിച്ചെങ്കിലും പ്രതികൾ സഹകരിച്ചില്ല.
അറസ്റ്റ് തടഞ്ഞ ഉത്തരവ് പ്രതികൾ ദുരുപയോഗം ചെയ്യുകയാണുണ്ടായത്. ചോദ്യം ചെയ്യലിന്റെയും രേഖകളുടെയും അടിസ്ഥാനത്തിൽ ഇനിയും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാനുണ്ട്. അന്വേഷണവുമായി പ്രതികൾ നിസ്സഹകരിക്കുക മാത്രമല്ല, തെളിവുകൾ നശിപ്പിക്കുകയും ചെയ്യുന്നു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നതായി ദാസൻ എന്ന സാക്ഷിയുടെ മൊഴിയിൽനിന്ന് വ്യക്തമാണ്. സ്വന്തം സ്വകാര്യ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചിട്ടുള്ളതിനാൽ, പ്രതികൾ കോടതിയിൽ സമർപ്പിച്ച ഫോണുകളിൽ കൃത്രിമം കാട്ടിയിട്ടില്ലെന്ന് ഉറപ്പില്ല. തെറ്റായ വിവരങ്ങൾ നൽകി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം നടന്നിട്ടുണ്ട്.
ആലുവ കോടതിയിൽ വെച്ച് ഫോണുകൾ തുറക്കുന്നതിനെ എതിർത്തത് ഹൈകോടതി ഉത്തരവിന് വിരുദ്ധമായ നടപടിയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, യുവനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽനിന്ന് കണ്ടെടുത്തെന്ന തരത്തിൽ വ്യാജമായി തെളിവുകളുണ്ടാക്കാനാണ് അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.