നടൻ ദിലീപ് മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് വൃന്ദ കാരാട്ട്
text_fieldsകോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈകോടതി ജാമ്യം നല്‍കില്ലെന്നാണ് കരുതുന്നതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇന്ത്യയുടെ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ വേണ്ടി മറ്റൊരു നടന്‍ ക്വട്ടേഷന്‍ നൽകുന്നത്. അറസ്റ്റിലായ നടന്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഇക്കാര്യം ഹൈകോടതി മനസിലാക്കുമെന്നാണ് കരുതുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു. നടന്‍റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണം. കേസിൽ ഉറച്ചുനിന്ന പെണ്‍കുട്ടിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നു. അതുപോലെ പ്രതികളെ വേഗത്തിൽ പിടികൂടിയ പിണറായി സര്‍ക്കാറിനെ അഭിനന്ദിക്കുന്നുവെന്നും വൃന്ദ പറഞ്ഞു.
നടിക്കെതിരെ നടന്ന ആക്രമത്തില്‍ മുഖം നോക്കാതെനടപടിയെടുത്തതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ആക്രമത്തെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കുന്ന സര്‍ക്കാരല്ല കേരളത്തിലേതെന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി കാണിച്ച് കൊടുക്കാന്‍ സാധിച്ചു. ആക്രമിച്ച വ്യക്തിക്ക് പെണ്‍കുട്ടി തന്നെ ശിക്ഷ നൽകിയ സംഭവവും കേരളത്തിൽ ഉണ്ടായി. 'പെണ്‍കുട്ടി തന്നെ പ്രതിക്ക് ശിക്ഷ വിധിച്ചു കഴിഞ്ഞല്ലോ' എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയാന്‍ മാത്രമാണെന്നും വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
മനുഷ്യരുടെ ജീവന് പകരം ഗോമൂത്രത്തിനും ചാണകത്തിനും ആണ് ഇന്ന് രാജ്യത്ത് വിലയുള്ളത്. പശുവിനെ സ്‌നേഹിച്ചില്ലെങ്കില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. കാവി ഷാള്‍ ധരിച്ചാല്‍ എന്തും ചെയ്യാന്‍ ലൈസന്‍സ് കിട്ടുന്ന കാലമാണിത്. ഇത് വലിയ അപകടമാണ് വിളിച്ച് വരുത്തുന്നത്. വര്‍ഗീയതക്കെതിരെ സ്ത്രീകളുടെ ശബ്ദമാണ് ആദ്യം ഉയരേണ്ടതെന്നും വൃന്ദ കാരാട്ട് പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച മതനിരപേക്ഷതക്കായി പെണ്‍കൂട്ടായ്മ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.