പഴുതടച്ച തെളിവുതേടൽ; വ്യാഴാഴ്ച അന്വേഷണ സംഘം ഹൈകോടതിയിൽ റിപ്പോർട്ട് നൽകും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികൾക്ക് മുന്നിൽ ലഭ്യമായ തെളിവുകൾ നിരത്തി മൂന്നാംദിവസത്തെ ചോദ്യംചെയ്യൽ. ആദ്യ രണ്ട് ദിവസത്തെ മൊഴികളിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി, ഡിജിറ്റൽ രേഖകളുടെ പിൻബലത്തിൽ തെളിവുകൾ ബലപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ അവസാന മണിക്കൂറുകളിലെ നടപടികൾ. സംവിധായകൻ ബാലചന്ദ്രകുമാറിൽനിന്ന് ലഭിച്ച ശബ്ദരേഖകളടക്കം തെളിവുകൾ നിരത്തി ചോദ്യം ചെയ്തെന്നാണ് വിവരം.
മൂന്നാം ദിവസവും രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെ ചോദ്യംചെയ്തതോടെ കോടതി അനുവദിച്ച 33 മണിക്കൂർ അവസാനിച്ചു. ഒന്നാം ദിവസത്തെ ചോദ്യംചെയ്യലിൽ ദിലീപ് വീട്ടിലിരുന്ന് സംസാരിക്കുന്ന മൊഴിയാണ് പ്രതികളെ കേൾപ്പിച്ചത്. ചൊവ്വാഴ്ച വാട്സ്ആപ് സന്ദേശങ്ങൾ, ഫോൺവിളി രേഖകൾ എന്നിവയടക്കം തെളിവുകളും നിരത്തി ചോദ്യംചെയ്തു. അതേസമയം, സത്യവാങ്മൂലത്തിലെ വിവരങ്ങളിൽതന്നെ ദിലീപ് ഉറച്ചുനിന്നതായാണ് സൂചന. വ്യാഴാഴ്ച അന്വേഷണ സംഘം ഹൈകോടതിയിൽ റിപ്പോർട്ട് നൽകും.
ഡിജിറ്റൽ തെളിവുകളിലുള്ളത് ദിലീപടക്കം പ്രതികളുടെ ശബ്ദമാണെന്ന് ഉറപ്പിക്കാൻ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടിനെ ചൊവ്വാഴ്ച വിളിച്ചുവരുത്തി. ശബ്ദം ദിലീപിന്റേത് തന്നെയെന്ന് വ്യാസൻ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വ്യാസൻ പ്രതികരിച്ചു.
പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയെ ബോധ്യപ്പെടുത്തുകയാണ് അന്വേഷണ സംഘത്തിന്റെ മുഖ്യലക്ഷ്യം. ഇതിനായി ശബ്ദരേഖയിലുള്ളത് പ്രതികളുടേത് തന്നെയാണെന്ന് സ്വതന്ത്ര മൊഴികളിലൂടെ സ്ഥിരീകരിക്കാനാണ് വ്യാസനടക്കമുള്ളവരെ വിളിച്ചുവരുത്തിയത്. തിങ്കളാഴ്ച തിരക്കഥാകൃത്ത് റാഫിയെയും വിളിച്ചുവരുത്തിയിരുന്നു.
അതേസമയം, പ്രതികൾ ചോദ്യംചെയ്യലിനോട് സഹകരിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. കേസിലെ നാലും അഞ്ചും പ്രതികളായ ദിലീപിന്റെ സുഹൃത്ത് ബൈജു ചെങ്ങമനാട്, അപ്പു എന്നിവരാണ് മൂന്നാംദിനത്തിലെ ചോദ്യം ചെയ്യലിന് ആദ്യം കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്. ഒമ്പതോടെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുമെത്തി. ഉച്ചയോടെ എ.ഡി.ജി.പി എസ്. ശ്രീജിത്ത് എത്തി ചോദ്യംചെയ്യലിലെ പുരോഗതി വിലയിരുത്തി.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ റിപ്പോർട്ട് തയാറാക്കുകയാണ് ഉദ്യോഗസ്ഥർ. ചില ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച അന്വേഷണസംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും ദിലീപിന്റെ മുൻകൂർ ജാമ്യഹരജിയിൽ ഹൈകോടതി വിധി പറയുക.
മൊഴിയെടുപ്പ് തീരുമാനം മാറ്റി
കൊച്ചി: അന്വേഷണ സംഘത്തെ വകവരുത്താൻ നടൻ ദിലീപടക്കം പ്രതികൾ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൊഴിയെടുക്കാൻ സംവിധായകൻ ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്താനുളള തീരുമാനം ക്രൈംബ്രാഞ്ച് മാറ്റി. ദിലീപിനും മറ്റ് പ്രതികൾക്കുമൊപ്പമിരുത്തി മൊഴിയെടുക്കാനായിരുന്നു തീരുമാനം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളായിരുന്നു പുതിയ കേസിന് വഴിവെച്ചത്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിനെ പ്രതികൾക്കൊപ്പമിരുത്തി ചോദ്യംചെയ്യുന്നത് ഉചിതമാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചശേഷം വെള്ളിയാഴ്ചയോ തുടർന്നുള്ള ദിവസങ്ങളിലോ ഇദ്ദേഹത്തെ വിളിച്ചുവരുത്തിയേക്കും. പ്രതികളുടെ മൊഴികളിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളായിരിക്കും ബാലചന്ദ്രകുമാറിനോട് ചോദിച്ചറിയുക.
അതിനിടെ പ്രതികളുടെ ഒരുവർഷത്തെ ഫോൺവിളി രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽതവണ വിളിച്ചവരെ പ്രത്യേകം തെരഞ്ഞെടുത്ത് മൊഴിയെടുക്കും. അന്വേഷണ സംഘത്തിനെതിരായ ഗൂഢാലോചനയിൽ ഇവരിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ പരിശോധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.