നടിയ ആക്രമിച്ച കേസ്: നിർണായക പൊലീസ് യോഗം കൊച്ചിയിൽ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക പൊലീസ് യോഗം അൽപസമയത്തിനകം ചേരും. എ.ഡി.ജി.പി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പൊലീസ് ക്ലബിലാണ് യോഗം ചേരുക. കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പുതിയ തെളിവുകളിലെ അന്വേഷണം വിലയിരുത്താനാണ് യോഗം.
തുടരന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് സർക്കാറിന്‍റെ നിർദേശം. ഇതുപ്രകാരമാണ് യോഗം നടത്തുന്നത്. ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ഫിലിപ്പ്, എസ്പിമാരായ കെ.എസ്. സുദർശനൻ, സോജൻ തുടങ്ങിവർ പങ്കെടുക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിലൂടെ നീങ്ങുകയാണ്. കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ ജീവന് ജയിലിനുള്ളിൽ ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്ന് സുനിലിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം കോടതിയെ സമീപിക്കും. സുനി 2018ൽ അമ്മക്ക് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നിരുന്നു. പൾസർ സുനിയുടെ മാതാവാണ് സുനിക്ക് ജയിലിനുള്ളിൽ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.