ദിലീപിന് ഈമാസം 18ന് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് കോടതി
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഡിയോദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടന് ദിലീപിന് അനുമതി. ദിലീപിനും അഭിഭാഷകനും ദിലീപ് ചുമതലപ്പെടുത്തുന്ന ഐ.ടി വിദഗ്ധനും ഈമാസം 18ന് ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്.
വിഡിയോ പരിശോധിക്കുന്ന ആളുടെ വിശദാംശങ്ങള്‍ 16ന് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ദിലീപ് നല്കിയ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവുപ്രകാരം ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിചാരണക്കോടതി സൗകര്യമൊരുക്കുന്നത്. കോടതിമുറിയിലാവും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഐ.ടി വിദഗ്ധന്‍, വിഡിയോ റെക്കോഡിങ് വിദഗ്ധന്‍, ഓഡിയോ റെക്കോഡിങ് വിദഗ്ധന്‍ എന്നിവരെ അനുവദിക്കണമെന്നാണ് ദിലീപിെൻറ അഭിഭാഷകന് അനുമതി തേടിയത്. ഇതുസംബന്ധിച്ച് കോടതി 16ന് തീരുമാനമെടുക്കും.
ഇതിനുശേഷമാവും പരിശോധന നടക്കുക. അതേ സമയം, കേസുമായി ബന്ധപ്പെട്ട 32 രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച മറ്റൊരു ഹരജി കോടതി തള്ളി. ലാപ്ടോപ്, മൊബൈല്‍ഫോണ്‍, സി.സി.ടി.വി, പെന്‍ഡ്രൈവുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍ എന്നിവയിലെ രേഖകള്‍ തേടിയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇവ പരിശോധിക്കാന്‍ ഐ.ടി വിദഗ്ധനെ ഏര്‍പ്പെടുത്താവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളി. മാര്ട്ടിന് ആൻറണി, വിജേഷ്, പ്രദീപ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ബുധനാഴ്ച കുറ്റപത്രത്തിന്മേലുള്ള പ്രാരംഭവാദം കേള്‍ക്കലിന് കേസ് പരിഗണിച്ചപ്പോള്‍ ദിലീപ് ഒഴികെ മുഴുവന്‍ പ്രതികളും ഹാജരായിരുന്നു. വിഡിയോ പരിശോധിച്ച ശേഷമാവും ഇനി വാദം കേള്‍ക്കല്‍ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.