നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം റദ്ദാക്കാൻ ദിലീപിന്‍റെ ഹരജി ഹൈകോടതിയിൽ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തിനെതിരെ നടൻ ദിലീപ് ഹൈകോടതിൽ. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന തോന്നലുണ്ടായതോടെയാണ് വ്യാജതെളിവുണ്ടാക്കി തുടരന്വേഷണം നടത്തുന്നതെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമുള്ള ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണം ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള വ്യക്തിവിരോധമാണ് തുടരന്വേഷണത്തിന് കാരണമെന്ന് ഹരജിയിൽ ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന് തനിക്കെതിരെ പരാതി നൽകിയതും ബൈജു പൗലോസാണ്. പരാതിക്കാരനായ ഉദ്യോഗസ്ഥൻ നടത്തുന്ന തുടരന്വേഷണം നീതിയുക്തമാകില്ല. വധഗൂഢാലോചനക്കേസിൽ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും പ്രതിചേർത്തത് തന്നോടുള്ള വൈരാഗ്യത്തിലാണ്.
തുടരന്വേഷണത്തിന് വിചാരണക്കോടതിയുടെ അനുമതി ലഭിക്കും മുമ്പുതന്നെ ഇദ്ദേഹം സ്വന്തം നിലക്ക് അന്വേഷണം തുടങ്ങിയിരുന്നു. തുടരന്വേഷണം പൂർത്തിയാക്കാൻ ആറു മാസം ആവശ്യപ്പെട്ടത് നടിയെ അക്രമിച്ച കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതിന്‍റെ തെളിവാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.