ഗൂഢാലോചന കേസ്; ദിലീപിന്റെ ജാമ്യഹരജിയിൽ ഇന്ന് തുടർവാദം കേൾക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയിലും ഫോണുകള്‍ കൈമാറണമെന്നുള്ള പ്രോസിക്യൂഷന്റെ ഉപഹരജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് ബി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുക.
ജാമ്യാപേക്ഷയിലും മൊബൈല്‍ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും ഇന്നലെ വാദം കേട്ട കോടതി വിശദവാദത്തിനായി ഹരജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, മൊബൈൽ ഫോൺ നൽകാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ദിലീപ് പറഞ്ഞിരുന്നു. ഭാര്യയുമായും അഭിഭാഷകരുമായും സംസാരിച്ചതടക്കം സ്വകാര്യ വിവരങ്ങൾ ഫോണിലുണ്ടെന്നും ദിലീപിന്റെ അഭിഭാഷകൻ ഇന്നലെ വാദിച്ചു. എന്നാൽ, ഇത് ക്രിമിനൽ കേസുകളിൽ ഉന്നയിക്കാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ഇത്തരം കേസുകളിൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കാൻ പൊതുവേ നിർദേശിക്കാറുണ്ട്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോൺ വിട്ടുകിട്ടാൻ പ്രോസിക്യൂഷൻ നൽകിയ ഹരജിയിലാണ് വാദങ്ങൾ ഉയർന്നത്. ദിലീപ് ഉപയോഗിച്ചിരുന്ന ആപ്പിൾ, വിവോ കമ്പനികളുടെ നാല് ഫോണും സഹോദരൻ അനൂപിന്റെ രണ്ട് ഫോണും സഹോദരീഭർത്താവ് സൂരജിന്റെ ഒരു ഫോണുമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്.
ഗൂഡാലോചന കേസില്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യ ഹരജി തളളിയാല്‍ ദിലീപടക്കമുള്ള പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. മറിച്ചായാലും അന്വേഷണം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകാനുള്ള തീരുമാനവും ക്രൈം ബ്രാഞ്ച് എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.