നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിന്‍റെ അന്വേഷണ റിപ്പോർട്ട് നടിക്ക് നൽകാൻ ഹൈകോടതി നിർദേശം
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതക്ക് നൽകാൻ ഹൈകോടതി നിർദേശം. റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് നടി നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. അതേസമയം, റിപ്പോർട്ടിന്‍റെ പകർപ്പ് വേണമെന്ന നടൻ ദിലീപിന്‍റെ ആവശ്യം കോടതി തള്ളി.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം ഹൈകോടതി നേരത്തെ അംഗീകരിച്ചിരുന്നു. എറണാകുളം ജില്ല സെഷൻസ് ജഡ്ജിക്ക് അന്വേഷണം നടത്താമെന്നും ആവശ്യമെങ്കിൽ പൊലീസിന്‍റെയോ മറ്റ് ഏജൻസികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ക്രിമിനൽ പ്രൊസീജ്യർ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ ലോക്കർ ഉപയോഗിക്കാമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.
വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ തുടരന്വേഷണം നടക്കുന്ന സമയമായതിനാൽ ഹാഷ് വാല്യു മാറിയിട്ടുണ്ടോ എന്നത് പരിശോധിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആദ്യ ഘട്ടത്തിൽ പറയുകയും ഏഴ് ദിവസത്തിനകം സർക്കാർ അംഗീകൃത ലാബിൽ അത് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. അങ്ങനെ നൽകിയ റിപ്പോർട്ടിലും മൂന്ന് തവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതായി കണ്ടെത്തുകയും ചെയ്തു.
2018 ജനുവരിയിലും ഡിസംബറിലും 2021 ജൂലൈയിലുമാണ് മെമ്മറി കാർഡ് തുറന്നിരിക്കുന്നത്. ഇതിൽ അവസാന വട്ടം ഹാഷ് വാല്യുവിൽ മാറ്റമുണ്ടായതായാണ് കണ്ടെത്തൽ. ഈ തവണ ജിയോ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന വിവോ ഫോണിൽ നിന്നാണ് കാർഡ് തുറന്നിരിക്കുന്നത്. ഈ ഫോണിൽ വാട്ട്സ്ആപ്പ്, ടെലഗ്രാം അടക്കമുണ്ട്.
ഫോണിലേക്ക് മെമ്മറി കാർഡ് ഇട്ട് പരിശോധിച്ച സാഹചര്യത്തിൽ തന്റെ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോ എന്ന ആശങ്കയാണ് നടി പ്രധാനമായും കോടതിയിൽ ഉന്നയിച്ചത്. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും അതിനാൽ ഇതിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. കേസിലെ എട്ടാംപ്രതിയായ ദിലീപ് നടിയുടെ ഹരജിയെ എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.