നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തൽ പ്രത്യേകസംഘം അന്വേഷിക്കും
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു. എ.ഡി.ജി.പി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നൽകും. ഡിവൈ.എസ്.പി ബൈജു പൗലോസിന് തന്നെയാണ് മുഖ്യ അന്വേഷണ ചുമതല.
ക്രൈംബ്രാഞ്ച് ഐ.ജി ഫിലിപ്പും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയും ചേരാനെല്ലൂർ എ.എസ്.ഐയും സംഘത്തിലുണ്ട്. നേരത്തേ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡി.ജി.പി ബി. സന്ധ്യ ഫയർഫോഴ്സ് മേധാവിയായ സാഹചര്യത്തിലാണ് പുതിയ സംഘം. ഐ.ജി ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതിനെതുടർന്നാണ് ഐ.ജി ഫിലിപ്പിനെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തിയത്.
കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെക്കാൻ എറണാകുളം സി.ജെ.എം കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതിനായി ഒരു മജിസ്ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. ബാലചന്ദ്രകുമാറിന് സമൻസ് അയച്ചശേഷം തീയതി തീരുമാനിച്ചാകും രഹസ്യമൊഴി രേഖപ്പെടുത്തുക.
കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുള്ളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകളടക്കമാണ് ബാലചന്ദ്രകുമാർ അടുത്തിടെ പുറത്തുവിട്ടത്. കേസിൽ പ്രോസിക്യൂഷന് സഹായകമാകുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ. ബാലചന്ദ്രകുമാറിന്‍റെ മൊഴിയെടുത്തശേഷം ദിലീപിനെയും ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.