നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ശബ്ദസാമ്പിൾ വീണ്ടും ശേഖരിക്കുന്നു
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പൾസർ സുനിയുടെ ശബ്ദസാമ്പിൾ വീണ്ടും അന്വേഷണസംഘം ശേഖരിക്കുന്നു.
കേസിലെ മാപ്പുസാക്ഷിയും പൾസർ സുനിക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന ആളുമായ തൃശൂർ സ്വദേശി ജിൻസന്റെ ശബ്ദസാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ജയിലിൽനിന്ന് ജിൻസനെ ഫോണിൽ വിളിച്ച പൾസർ സുനി, തന്റെ ആശങ്കകളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് പുറത്തുവന്നതോടെ അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
ഫോൺ സംഭാഷണത്തിലുള്ളത് ഇരുവരുടെയും ശബ്ദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് സാമ്പിൾ പരിശോധന. പൾസർ സുനിയുടെ ശബ്ദസാമ്പിൾ ശേഖരിച്ചിരുന്നു. എന്നാൽ, ഒരിക്കൽകൂടി പരിശോധിക്കുമെന്നാണ് വിവരം.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍റെ മൊഴി വീട്ടിലെത്തി എടുക്കുമെന്നാണ് വിവരം. അതിനുശേഷം തുടർനടപടി ആലോചിക്കും.
കേസിലെ പ്രതികളായ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. നിർണായക കോടതി രേഖകൾ ദിലീപിന്‍റെ ഫോണിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ കോടതി ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. കോടതിയില്‍ എത്തുന്ന തൊണ്ടിമുതലിന്റെ ചുമതലയുള്ള ക്ലര്‍ക്ക്, ശിരസ്തദാര്‍ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുക.
രഹസ്യമൊഴി ഉള്‍പ്പെടെയുള്ള രേഖകള്‍ ദിലീപിന്‍റെ ഫോണില്‍നിന്ന് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. അതിനാൽ ഇവരെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പ്രത്യേകാനുമതി വേണ്ടെന്നാണ് കോടതി അറിയിച്ചത്. ദിലീപിന്റെ ഫോണില്‍നിന്ന് കണ്ടെത്തിയ കോടതി രേഖകള്‍ ഹാജരാക്കാൻ പ്രത്യേക കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.